SHARE

രണ്ടും കല്‍പിച്ചായിരുന്നു രാജ്‌കോട്ടില്‍ രോഹിതും കൂട്ടരും അങ്കത്തട്ടിലിറങ്ങിയത്. ഡല്‍ഹിയില്‍ വാങ്ങിക്കൂട്ടിയത് പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തിരികെ കൊടുക്കണമെന്നു ഹിറ്റ്മാന്‍ വാശി പിടിച്ചപ്പോള്‍ അത് തിരികെ വാങ്ങുകയല്ലാതെ മറ്റ് നിവൃത്തി ഇല്ലായിരുന്നു ബംഗ്ലാദേശിന്. ആദ്യ കളിയില്‍ ജയിച്ചതിന്റെ ആത്മ വിശ്വാസവുമായി ഇറങ്ങിയ ബംഗ്ലാദേശ്  ടീം ഇന്ത്യ യാഥാര്‍ഥ കളി പുറത്തെടുത്തപ്പോള്‍ രാജ്‌കോട്ടില്‍ നിഷ്പ്രഭരായി.

എട്ടു വിക്കറ്റിനാണ് രണ്ടാം ട്വന്റി-ട്വന്റിയില്‍ സന്ദര്‍ശകരെ ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്. 21 പന്തില്‍ നിന്നും 29 റണ്‍സെടുത്ത ലിറ്റണ്‍ ദാസും 31 പന്തില്‍ നിന്നും 36 റണ്‍സെടുത്ത മുഹമ്മദ് നയീമും 20 പന്തില്‍ നിന്നും 30 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരും 21 പന്തില്‍ നിന്നും 30 റണ്‍സെടുത്ത മുഹമ്മദുള്ളെയും ബംഗ്ലാദേശ് നിരയില്‍ തിളങ്ങി. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹല്‍ രണ്ടും ഖലീല്‍ അഹമ്മദ്, വാഷീംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചത് നായകന്‍ രോഹിത്തായിരുന്നു.43 പന്തില്‍ നിന്നാണ് ഹിറ്റ്മാന്‍ 85 റണ്‍സ് അടിച്ചു കൂട്ടിയത്. ആറു സിക്‌സറുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. 27 പന്തില്‍ നിന്നും 31 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ നായകനു മികച്ച പിന്തുണ നല്‍കി. ശ്രേയാസ് അയ്യര്‍ 13 പന്തില്‍ നിന്നും 24 റണ്‍സും കെ,എല്‍ രാഹുല്‍ 11 പന്തില്‍ നിന്നും എട്ടു റണ്‍സുമെടുത്തു. ഇതോടെ 15.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.