SHARE

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വിജയിച്ച് ന്യൂസിലൻഡ് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഓക്ലാൻഡിൽ നടന്ന മത്സരത്തിൽ 22 റൺസിനായിരുന്നു കിവീസിന്റെ ജയം. സ്കോർ: കിവീസ് 273/8, ഇന്ത്യ 251/10. രവീന്ദ്ര ജഡേജയും നവ്ദീപ് സെയ്നിയും ചേർന്ന് നടത്തിയ ഉശിരൻ ചെറുത്തുനിൽപ്പിന് ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്.

കിവീസ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. 52 റൺസ് നേടിയ ശ്രേയസ് അയ്യരൊഴികെ മുൻനിര ബാറ്റ്സ്മാൻമാരെല്ലാവരും നിരാശപ്പെടുത്തിയപ്പോൾ ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റിന് 153 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ അവിടെ നിന്ന് ത്രില്ലർ ആരംഭിക്കുകയായിരുന്നു.

എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന രവീന്ദ്ര ജഡേജയും നവ്ദീപ് സെയ്നിയും ചേർന്ന് പതിയെ സ്കോർ ഉയർത്തി. ജഡേജ ഒരു വശത്ത് നിലയുറപ്പിച്ചപ്പോൾ സെയ്നി അത്യാവശ്യം വേ​ഗത്തിൽ തന്നെ സ്കോർ നേടി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 76 റൺസ് നേടിയശേഷമാണ് സെയ്നി മടങ്ങിയത്. 49 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 45 റൺസ് നേടിയ സെയ്നിയെ വീഴ്ത്തിയത് കെയിൽ ജെയ്മിസനാണ്.

പിന്നീട് ജഡേജയ്ക്ക് കൂട്ടായി യുസ്വേ​ന്ദ്ര ചഹലെത്തി. അൽപ്പനേരം പിടിച്ചുനിന്ന ചഹൽ എന്നാൽ 48-ാം ഓവറിലെ അവസാന പന്തിൽ റണ്ണൗട്ടായി. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ ഏതാണ്ടസ്തമിച്ചു. ഇതോടെ അവസാന രണ്ട് ഓവറിൽ ജയത്തിന് 23 റൺസെന്ന നിലയിൽ ഇന്ത്യ.

ജെയിംസ് നീഷാം എറിഞ്ഞ 49-ാം ഓവറിലെ മുന്നാം പന്തിൽ കോളിൻ ഡി ​ഗ്രാൻഹോമിന് ക്യാച്ച് നൽകി ജഡേജയും മടങ്ങി. ഇതോടെ ഇന്ത്യൻ പോരാട്ടത്തിന് അവസാനം. 73 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സുമടക്കം 55 റൺസായിരുന്നു ജഡേജ നേടിയത്. കിവസിനായി ഹാമിഷ് ബെന്നെറ്റ്, ടിം സൗത്തി, ​ഗ്രാൻഹഹോം, ജെയ്മിസൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.