SHARE

ശ്രീലങ്കക്കെതിരെ ഇന്ത്യയില്‍ പരമ്പര കളിച്ചിട്ട് ഇന്ത്യന്‍ ടീമിന് ഒന്നും നേടാൻ കഴിഞ്ഞില്ലെന്ന് മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹര്‍ഭജന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ശ്രീലങ്കക്കെതിരെയുള്ള പരമ്പര മാറ്റിവെച്ച് ദക്ഷിണാഫ്രിക്കയിലെ പര്യടനത്തെ കൂടുതല്‍ കരുതലോടെ സമീപിക്കണമായിരുന്നുവെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ‘ ശ്രീലങ്കക്കെതിരെയുള്ള പരമ്പര ഇന്ത്യ അത്ര ഗൗരമായിട്ടൊന്നുമല്ല എടുത്ത്, ആ പരമ്പര കൊണ്ട് നമ്മള്‍ ഒന്നും നേടിയിട്ടുമില്ല,  കുറച്ച് താരങ്ങളെയെങ്കിലും നേരത്തെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കണമായിരുന്നു” – ഹര്‍ഭജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അജിങ്ക്യ രഹാനെയെ ടീമിലുള്‍പ്പെടുത്തിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ വ്യത്യസ്തമായ നിലപാടാണ് ഹര്‍ഭജന്‍ സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷം അത്ര മികച്ച ഫോമിലൊന്നുമായിരുന്നില്ല രഹാനെയെന്നും രോഹിതിന് പകരം, രഹാനെയെയാണ് ടീമില്‍ ഇറക്കിയിരുന്നതെങ്കില്‍, വിമര്‍ശനം രോഹിതിനെ ഇറക്കാത്തതിനെതിരെ ആയിരിക്കുമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 24ന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് മുമ്പ് പോസിറ്റീവ് മനോഭാവം കാത്ത് സൂക്ഷിക്കാന്‍ ഹര്‍ഭജന്‍ ഇന്ത്യന്‍ താരങ്ങളോട് ഉപദേശിച്ചു.