SHARE

വിജയത്തോളം പോന്നൊരു സമനില. അതും ഏഷ്യയുടെ താരരാജാക്കന്മാര്‍ക്കെതിരേ. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഇന്ത്യയുടെ ചുണക്കുട്ടികള്‍. ഗുര്‍പ്രീത് സിംഗ് സന്ധുവും കൂട്ടരും ഒരു മനസോടെ പൊരുതിയപ്പോള്‍ ദോഹയില്‍ ചരിത്രദിനം.

ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ മലയാളികള്‍ അടക്കമുള്ള ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത രാവായി മാറി. ഖത്തറിന്റെ ഗോളെന്നുറച്ച അര ഡസന്‍ ഷോട്ടുകളെങ്കിലും ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ലോങ് റേഞ്ചറുകള്‍, ഫ്‌ലിക്കുകള്‍, ഡൈവിങ് ഹെഡര്‍ എന്നിങ്ങനെ പഠിച്ച പണി പതിനെട്ടും നോക്കിയ ഖത്തറിനു ഗോള്‍ മാത്രം നേടാനായില്ല. സെന്റര്‍ ബായ്ക്കുകളായ സന്ദേശ് ജിങ്കാന്‍, ആദില്‍ ഖാന്‍ എന്നിവരുടെ ക്ലിയറന്‍സുകളും ഇന്ത്യയ്ക്കു രക്ഷയായി.

കഴിഞ്ഞ 8 മത്സരങ്ങളില്‍ ഏഷ്യന്‍ എതിരാളികള്‍ക്കെതിരെ 25 ഗോളുകള്‍ അടിച്ചു കയറ്റിയ ഖത്തറിനെ പിടിച്ചുകെട്ടിയത് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണംചെയ്യും. രണ്ടാം യോഗ്യതാ മത്സരത്തിലെ ഈ സമനിലയോടെ ഗ്രൂപ്പ് ‘ഇ’യില്‍ ഇന്ത്യ ആദ്യ പോയിന്റും കരസ്ഥമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനോട് 2-1ന് തോറ്റിരുന്നു.