SHARE

ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ആദ്യ ഇന്നിം​ഗ്സ് ലീഡ്. ഇം​ഗ്ലണ്ടിന്റെ ആദ്യ ഇന്നിം​ഗ്സ് സ്കോറായ 205 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 294 എന്ന നിലയിലാണ്. 89 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്.

രണ്ടാം ദിനം തുടക്കത്തിൽ ഇം​ഗ്ലീഷ് ബൗളിങ് നിരയുടെ മികവില് ഇന്ത്യ തകർച്ച നേരിട്ടു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 146 എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെനിന്ന് റിഷഭ് പന്തും വാഷിങ്ടൺ സുന്ദറും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. പന്ത് സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് 113 റൺസ് നീണ്ട ഈ കൂട്ടുകെട്ട് അവസാനിച്ചത്. 118 പന്തിൽ നിന്ന് 13 ഫോറും രണ്ട് സിക്സുമടക്കം 101 റൺസ് നേടിയ പന്തിന് പുറത്താക്കിയത് ജെയിംസ് ആൻഡേഴ്സനാണ്.

പന്ത് പുറത്തായശേഷം അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് സുന്ദർ സ്കോർ ഉയർത്തുകയാണ്. 60 റൺസോടെ സുന്ദറും 11 റൺസുമായി അക്സറുമാണിപ്പോൾ ക്രീസിലുള്ളത്. ഇം​ഗ്ലണ്ടിനായി ആൻഡേഴ്സൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെൻ സ്റ്റോക്സ്, ജാക്ക് ലീഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.