ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 482 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 286 റൺസിൽ അവസാനിച്ചതോടെയാണിത്. രവിചന്ദ്രൻ അശ്വിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്താൻ ഇന്ത്യയെ സഹായിച്ചത്.
ആദ്യ ഇന്നിംഗ്സിലെ 195 റൺസ് ലീഡിന്റെ ബലത്തിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്തയ്ക്കായി അശ്വിന് പിുറമെ വിരാട് കോഹ്ലി മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഒരു ഘട്ടത്തിൽ തകർന്ന് തരിപ്പണമായിക്കൊണ്ടിരുന്ന ഇന്ത്യയെ, അശ്വിനും കോഹ്ലിയും ചേർന്നുള്ള 96 റൺസിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് മുന്നോട്ടുകൊണ്ടുരപോയത്.
149 പന്തിൽ ഏഴ് ബൗണ്ടറികളുടെ ബലത്തിൽ 62 റൺസ് നേടി കോഹ്ലി പുറത്തായശേഷം വാലറ്റക്കാരെ ഒരു വശത്ത് നിർത്ത് അശ്വിൻ സെഞ്ച്വറിയിലേക്ക് കുതിച്ചു. 148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയ അശ്വിൻ ഏറ്റവും അവസാനമാണ് പുറത്തായത്. അശ്വിനും മുഹമ്മദ് സിറാജും ചേർന്നുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ട് 49 റൺസ് നേടി. ഇംഗ്ലണ്ടിനായി മൊയിൻ അലി, ജാക്ക് ലീഷ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ഒലി പോപ്പ് ഒരു വിക്കറ്റ് നേടി.