SHARE

ബംഗ്ലാദേശിനെതിരെ നടക്കുന്ന നിദാഹാസ് ട്രോഫി മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ 176-3 റൺസാണ് ഇന്ത്യ നേടിയത്. അർധസെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 61 പന്തിൽ 89 റൺസാണ് രോഹിത് നേടിയത്. 47 റൺസെടുത്ത സുരേഷ് റെയ്ന ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. അഞ്ചു സിക്സറുകളാണ് രോഹിത് മത്സരത്തിൽ പറത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വളരെ പതുക്കെയാണ് ഇന്നിംഗ്സ് തുടങ്ങിയത്. മോശം ഫോമിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മ നിലയുറപ്പിച്ച് കളിക്കാനുള്ള തീരുമാനത്തിലായിരുന്നു. ശിഖർ ധവാൻ പതിവുശൈലി തുടർന്നു. എന്നാലും സ്കോറിംഗിന് വേഗം കുറവായിരുന്നു. മത്സരം അഞ്ച് ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 38 റൺസ് മാത്രമായിരുന്നു ബോർഡിലുണ്ടായിരുന്നത്.

പവർപ്ലേയുടെ അവസാന ഓവറിൽ ഇന്ത്യ 11 റൺസാണ് നേടിയത്. നസ്മുൽ ഇസ്ലാമിൻ്റെ തൊട്ടടുത്ത ഓവറിൽ ശിഖർ ധവാനെ പുറത്താക്കാൻ ബംഗ്ലാദേശിന് അവസരം ലഭിച്ചു. അതിർവരയ്ക്ക് തൊട്ടു മുന്നിൽ നിന്ന് ലിറ്റൺ ദാസാണ് ക്യാച്ച് വിട്ടുകളഞ്ഞത്. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. എന്നാൽ പത്താം ഓവറിൽ ശിഖർ ധവാൻ്റെ വിക്കറ്റ് റുബൽ ഹുസെെൻ തെറിപ്പിച്ചു. ധവാനെ നഷ്ടപ്പെട്ടതോടെ ഇന്ത്യൻ സ്കോറിംഗ് പതുക്കെയാണ് മുന്നോട്ട് നീങ്ങിയത്. അതിനിടെ രോഹിത് ശർമ്മ തൻ്റെ 13ാം ടി20 അർധസെഞ്ചുറി പൂർത്തിയാക്കി. 42 പന്തുകളിലായിരുന്നു രോഹിത് അർധ സെഞ്ചുറി നേടിയത്.

അർധസെഞ്ചുറി നേടിയതോടെ രോഹിത് സ്കോറിംഗ് വേഗം ഉയർത്താൻ തുടങ്ങി. സുരേഷ് റെയ്നയും മികച്ച ബാറ്റിംഗ് തുടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു.  ഇരുവരും ചേർന്ന് 102 റൺസ് പാർട്ട്ണർഷിപ്പാണ് മത്സരത്തിൽ പടുത്തുയർത്തിയത്. അർധസെഞ്ചുറിക്ക് തൊട്ടടുത്ത് വെച്ച് അവസാന ഓവറിൻ്റെ ആദ്യ പന്തിലാണ് സുരേഷ് റെയ്ന പുറത്തായത്.രോഹിത് ശർമ്മ അവസാന പന്തിൽ റണ്ണൌട്ടായപ്പോൾ ദിനേഷ് കാർത്തിക്ക് 2 റൺസെടുത്ത് പുറത്താവാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി റുബൽ ഹുസൈൻ രണ്ട് വിക്കറ്റുകൾ നേടി.