SHARE

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിലെ ദക്ഷിണാഫ്രിക്കയുടെ ഉശിരൻ ചെറുത്തുനിൽപ്പ് അവസാനിച്ചു. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിം​ഗ്സിൽ 275 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യക്ക് ആദ്യ ഇന്നിം​ഗ്സിൽ 326 റൺസിന്റെ വൻ ലീഡ് സ്വന്തമായി.

ഇന്ത്യ ഉയർത്തിയ 601 റൺസെന്ന വൻ സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 53 എന്ന നിലയിലായിരുന്നു. തുടർന്ന് ആദ്യം ഫാഫ് ഡുപ്ലെസിസും ക്വിന്റൻ ഡിക്കോക്കും ചേർന്ന് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രക്കയിക്ക് പിടിച്ചുനിൽക്കാനുള്ള കരുത്തുനൽകിയത്. ഡുപ്ലെസിസ് 64-ും ഡിക്കോക്ക് 31-ും റൺസെടുത്തു.

എന്നാൽ ഒമ്പതാം വിക്കറ്റിൽ വെർനൺ ഫിലാൻഡറും കേശവ് മഹാരാജും ചേർന്ന 109 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ സ്കോർ ഇത്രയുമെത്തിച്ചത്. മഹാരാജ് 72 റൺസെടുത്ത് പുറത്തായപ്പോൾ ഫിലാൻഡർ 44 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവിചന്ദ്ര അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റ് വീഴ്ത്തി.