SHARE

ശ്രീലങ്കക്കെതിരെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും രണ്ടും കല്‍പ്പിച്ച് ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ റോക്കറ്റ് പോലെ കുതിച്ച് കയറുകയായിരുന്നു. ഇരുവരുടെയും ബാറ്റിംഗ് വെടിക്കെട്ടില്‍ മത്സരത്തിന്റെ അവസാനവിവരം ലഭിക്കുമ്പോള്‍ ഇന്ത്യ പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടാകാതെ 117 റണ്‍സ് എന്ന നിലയിലാണ്. രോഹിത് ശര്‍മ്മ 73 റണ്‍സും കെ എല്‍ രാഹുല്‍ 44 റണ്‍സും നേടിയിട്ടുണ്ട്.

രണ്ടാം മത്സരത്തിലും ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങിയ കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ലങ്കന്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നു. ഇന്‍ഡോറിലെ നീളം കുറഞ്ഞ ബൗണ്ടറികള്‍ ഇന്ത്യന്‍ താരങ്ങള്‍ അനായാസമായി കീഴടക്കി. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇതിനോടകം തന്നെ 7 ബൗളര്‍മാരെയാണ് ലങ്കന്‍ ക്യാപ്റ്റന്‍ മാറി മാറി പരീക്ഷിച്ചത്.

നേരത്തെ കട്ടക്കില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ ലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ പരമ്പരയില്‍ 1 – 0 ന് മുന്നിലാണ്. ഇന്നത്തെ മത്സരവും കൂടി ജയിക്കാനായാല്‍ ടെസ്റ്റിനും ഏകദിനത്തിനും പുറമേ ടി20 പരമ്പര കൂടി സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിയും.