SHARE

അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ സെമിഫൈനലില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. വണ്‍ഡൗണായി ഇറങ്ങിയ സുഭ്മന്‍ ഗില്‍ 94 പന്തുകളില്‍ 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ നായകന്‍ പൃഥ്വി ഷായുടെയും മഞ്ചോട്ട് കല്‍റയുടെയും കൂട്ടുകെട്ട് ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് സമ്മാനിച്ചത്.

പൃഥ്വി ഷാ 41 റണ്‍സും മഞ്ചോട്ട് കല്‍റ 47 റണ്‍സും നേടി പുറത്തായി. മൂന്നാമനായി ഇറങ്ങിയ ഗില്‍ പിന്നാലെ എത്തിയ കൂട്ടുപിടിച്ച് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു. അനുകുല്‍ സുധാകര്‍ റോയ് 33 റണ്‍സും ഹര്‍വിക് ദേശായി 20 റണ്‍സും നേടി ഗില്ലിന് പിന്തുണ നല്‍കി. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് മൂസ നാലും അര്‍ഷാദ് ഇക്ബാല്‍ മൂന്നും ഷഹീന്‍ അഫ്രിദി ഒന്നും വിക്കറ്റ് നേടി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉള്‍പ്പെടെ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ ലോകകപ്പില്‍ തുടങ്ങിയത്. പിന്നാലെ പാപ്പുവന്യൂഗിനി, സിംബാബ്‌വെ, ബംഗ്ലാദേശ് ടീമുകളും ഇന്ത്യന്‍ പടയോട്ടത്തില്‍ വീണു.