SHARE

എസെക്‌സിനെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. 84 ഓവറുകളില്‍ അവസാനിപ്പിച്ച ദിനത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് 322 റണ്‍സെടുത്തു. തുടക്കത്തിലേ തകര്‍ന്നെങ്കിലും മധ്യനിര കരുത്തു കാട്ടിയതാണ് സന്ദര്‍ശകര്‍ക്ക് തുണയായത്. കിട്ടിയ അവസരം ശരിക്കും മുതലാക്കിയ ദിനേഷ് കാര്‍ത്തിക്കാണ് ടോപ് സ്‌കോറര്‍. കാര്‍ത്തിക് 94 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താകാതെ നില്ക്കുന്നു. 33 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഒപ്പമുള്ളത്. വിരാട് കോഹ്‌ലി (68), കെ.എല്‍. രാഹുല്‍ (58) എന്നിവരും തിളങ്ങി.

രാവിലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചു റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0), ചേതേശ്വര്‍ പൂജാര (1) എന്നിവരെ മാറ്റ് കോള്‍സാണ് പവലിയനിലേക്ക് മടക്കിയത്. അജിങ്ക്യ രഹാനെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 17 റണ്‍സെടുത്ത് മാത്യൂ ക്വിന്നിന് വിക്കറ്റ് സമ്മാനിച്ചു.

ഒരുഘട്ടത്തില്‍ മൂന്നിന് 44 റണ്‍സെന്ന നിലയിലായി ഇന്ത്യ. പിന്നീട് മുരളി വിജയും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കര കയറ്റുകയായിരുന്നു. ഒടുവില്‍ 53 റണ്‍സെടുത്ത മുരളി വിജയിനെ പുറത്താക്കി പോള്‍ വാള്‍ട്ടര്‍ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടു പിന്നാലെ 68 റണ്‍സെടുത്ത വിരാട് കോഹ്ലിയും പുറത്താക്കി. പിന്നീടായിരുന്നു ദിനേഷിന്റെ കടന്നാക്രമണം. പതിനാലു ബൗണ്ടറികള്‍ അടങ്ങുന്നതാണ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ്.