SHARE

2022 ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോ​ഗ്യതാ പോരാട്ടങ്ങളിൽ ഇന്ത്യ ​ഗ്രൂപ്പ് ഇയിൽ കളിക്കും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന നറുക്കെടുപ്പിലാണ് എട്ട് ​ഗ്രൂപ്പുകളിലായി കളിക്കുന്ന 40 ടീമുകളെ നറുക്കെടുത്തത്.

​ഗ്രൂപ്പ് ഇയിൽ ഇന്ത്യക്ക് എതിരാളികളായുള്ളത് ഖത്തർ, അഫ്​ഗാനിസ്ഥാൻ,ബം​ഗ്ലാദേശ്, ഒമാൻ എന്നീ ടീമുകളാണ്. ഇതിൽ നിലവിൽ ഏഷ്യൻ ജേതാക്കളും 2022 ലോകകപ്പിലെ ആതിഥേയരുമായ ഖത്തറാണ് ഏറ്റവും കടുപ്പമുള്ള എതിരാളികൾ. മറ്റ് ടീമുകൾക്കെതിരെ കളിച്ച് ഇന്ത്യക്ക് പരിചയമുള്ളത് പ്രതീക്ഷയാണ്. യോ​ഗ്യതാ മത്സരങ്ങൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും

അതേസമയം ആതിഥേയരായ ഖത്തറിന് ലോകകപ്പിലേക്ക് നേരിട്ട് യോ​ഗ്യത ലഭിച്ചിട്ടുണ്ട്. എങ്കിലും ലോകകപ്പ് യോ​ഗ്യതാ ​ഗ്രൂപ്പ് മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് അടുത്ത ഏഷ്യ കപ്പിനുള്ള ടീമുകളേയും തിരഞ്ഞെടുക്കുക എന്നതിനാലാണ് ഖത്തറും ​ഗ്രൂപ്പിൽ മത്സരക്കുന്നത്.

എട്ട് ​ഗ്രൂപ്പുകളിൽ നിന്ന് ​ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും ലോകകപ്പ് യോ​ഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും. ഇതേ പന്ത്രണ്ട് ടീമുകൾ തന്നെ അടുത്ത ഏഷ്യാ കപ്പിന്റെ ​ഗ്രൂപ്പ് ഘട്ടത്തിലേക്കും യോ​ഗ്യത നേടും. അവശേഷിക്കുന്ന നാല് രണ്ടാം സ്ഥാനക്കാരും എട്ട് മൂന്നാം സ്ഥാനക്കാരും മികച്ച നാല് നാലാം സ്ഥാനക്കാരും ഏഷ്യാ കപ്പിന്റെ യോ​ഗ്യതാ റൗണ്ടിലേക്കും പ്രവേശനം നേടും

അതേസമയം ​ഗ്രൂപ്പിൽ ഖത്തർ ഒന്നാമതെത്തുകയും ഇന്ത്യ രണ്ടാമെത്തുകയും ചെയ്താൽ ലോകകപ്പ് മൂന്നാം യോ​ഗ്യതാ റൗണ്ടിലേക്ക് ഇന്ത്യക്ക് ​ഗ്രൂപ്പ് ജേതാക്കളായി മുന്നേറാം. എന്നാൽ ഏഷ്യാ കപ്പിൽ ഈ ആനുകൂല്യം ലഭിക്കില്ല