SHARE

നായകൻ സുനിൽ ഛേത്രി ഒരിക്കൽ കൂടി രക്ഷകവേഷമെടുത്തണിഞ്ഞതോടെ സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന അവസാന ​ഗ്രൂപ്പ് മത്സരത്തിൽ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ കലാശപ്പോരിന് യോ​ഗ്യത ഉറപ്പാക്കിയത്. ഇതോടെ ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.

വിജയിച്ചൽ മാത്രമെ ഫൈനലിലേക്ക് മുന്നേറാനാകു എന്ന അവസ്ഥയിലാണ് ഇന്ത്യ കളി തുടങ്ങിയത്. മത്സരത്തിന്റെ 33-ാം മിനിറ്റിൽ തന്നെ മൻവീർ സിങ്ങിലൂടെ ഇന്ത്യ മുന്നിലെത്തി. ബ്രണ്ടൻ ഫെർണാണ്ടസാണ് ​ഗോളിന് വഴിയൊരുക്കിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അലി അഷ്ഫാഖ് പെനാൽറ്റിയിലൂടെ മാലിദ്വീപിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ഇന്ത്യ തുടർച്ചയായി മാലിദ്വീപ് ബോക്സ് ലക്ഷ്യവച്ചു. 62-ാം മിനിറ്റിൽ ഇതിന് ഫലം കണ്ടു. സുനിൽ ഛേത്രി വലകുലുക്കി. ഇ​ക്കുറി ​ഗോളിന് വഴിയൊരുക്കിയത് മൻവീർ. സമനില നേടിയാൽ ഫൈനൽ പ്രവേശനം ഉറപ്പിക്കാമായിരുന്ന മാലിദ്വീപ് അതിനായുള്ള ശ്രമം ഊർജിതമാക്കി. എന്നാൽ 71-ാം മിനിറ്റിൽ വിജയവും ഫൈനലും ഉറപ്പിച്ച് വീണ്ടും ഛേത്രി വലകുലുക്കി. ഇക്കുറി പ്രീതം കോട്ടാലെടുത്ത ഫ്രീക്കിക്കിന് തലവച്ചാണ് ഛേത്രി ഇന്ത്യയുടെ ഹീറോയായത്.

രണ്ടാം പകുതിയിൽ മാലിദ്വീപിന്റെ രണ്ട് സുവർണാവസരങ്ങൾ തടുത്തിട്ട ​ഗോളി ​ഗുർപ്രീത് സിങ് സന്ധുവും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. മത്സരത്തിനിടെ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന് നേരെ റെഫറി ചുവപ്പുകാർഡുയർത്തി. മത്സരത്തിന്റെ അവസാന മിനിറ്റിൽ സുഭാശിഷ് ബോസും ചുവപ്പുകണ്ടു.