SHARE

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പങ്കെടുക്കുന്ന നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പര ശ്രീലങ്കയിൽ ഇന്നലെ ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയ ശ്രീലങ്ക മികച്ച രീതിയിൽ പരമ്പരയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ മറ്റൊരു തരത്തിൽ പരമ്പര ശ്രദ്ധേയമാവുകയാണ്.

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്ര സിംഗ് ധോണിയുടെ അഭാവമാണ് ഇതിന് കാരണം. എന്തെന്നാൽ 2004 ൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയതിന് ശേഷം അദ്ദേഹമില്ലാതെ ഇന്ത്യ നിശ്ചിത ഓവർ മത്സരങ്ങളിൽ ലങ്കയിൽ കളിച്ചിട്ടില്ല. അതായത് 14 വർഷങ്ങൾക്ക് ശേഷമാണ് ധോണിയുടെ അഭാവത്തിൽ ഇന്ത്യ, ശ്രീലങ്കയിൽ ഒരു നിശ്ചിത ഓവർ പരമ്പര കളിക്കുന്നത്.

കഠിനമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം മഹേന്ദ്ര സിംഗ് ധോണി അടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ യുവനിരയെ ആണ് നിദാഹാസ് ട്രോഫിക്ക് ഇന്ത്യ അയച്ചിട്ടുള്ളത്. നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുന്നത്.