SHARE

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കൗണ്ടി സെലക്ട് ഇലവനെതിരെ നടക്കുന്ന ഇന്ത്യയുടെ ത്രിദിന പരിശീലനത്തിന് ഇന്നലെ തുടക്കമായിരുന്നു‌. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ്മയാണ് ഈ മത്സരത്തിൽ ടീം ഇന്ത്യയെ നയിക്കുന്നത്. കളിയിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യൻ താരങ്ങൾ കളിക്കാനിറങ്ങിയത് കറുത്ത ആം ബാൻഡ് കൈയ്യിൽ ധരിച്ചായിരുന്നു‌. ഇതിന് കാരണമെന്തെന്ന് ആദ്യം ക്രിക്കറ്റ് പ്രേമികൾക്ക് മനസിലായില്ലെങ്കിലും പിന്നീട് ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഇതെന്ത് കൊണ്ടാണെന്ന് വ്യക്തമാക്കി.

1983 ൽ ഏകദിന ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളിലൊരാളും, ദേശീയ ടീമിന്റെ മുൻ സെലക്ടറുമായിരുന്ന യശ്പാൽ ശർമ്മ ഈ മാസം 13-ം തീയതി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് താരങ്ങൾ കറുത്ത ആം ബാൻഡണിഞ്ഞ് കളിക്കുന്നതെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.

അതേ സമയം 1978 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്നു യശ്പാൽ ശർമ്മ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 37 ഏകദിനങ്ങളും, 42 ടെസ്റ്റുകളുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 1983 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 89 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ശർമ്മ, ശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ 46 റൺസ് നേടിയും ടീമിനായി തിളങ്ങിയിരുന്നു. 2003-2006 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിന്റെ സെലക്ടറായി പ്രവർത്തിച്ചത്.