SHARE

 

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കു 299 റണ്‍സിന്റെ ലീഡ്. ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 416 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിംഗ്‌സ് 117 റണ്‍സില്‍ അവസാനിച്ചു. ഹനുമ വിഹാരിയുടെ (111)കന്നി സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ് ലിയുടേയും(76), മായങ്ക് അഗര്‍വാളിന്റേയും(55) ഇഷാന്ത് ശര്‍മ്മയുടേയും(57) മികച്ച പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

-Advertisement-

ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് തുടക്കം തന്നെ തകര്‍ന്നു. ഏഴാം ഓവറില്‍ 2 റണ്‍സെടുത്ത ഓപ്പണര്‍ ജോണ്‍ കാമ്പെലിനെ വീഴ്ത്തി ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അതൊരു തുടക്കം മാത്രമായിരുന്നു. തന്റെ അടുത്ത ഓവറില്‍ ബുംറ മിന്നല്‍പ്പിണറായി. ഡാരന്‍ ബ്രാവോ, ഷമര്‍ ബ്രുക്‌സ്, റോസ്റ്റണ്‍ ചേസ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി താരം ഹാട്രിക്കും തികച്ചതോടെ വിന്‍ഡീസ് 13/4 എന്ന നിലയിലേക്ക് വീണു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ വിന്‍ഡീസിന് കഴിഞ്ഞില്ല.

ഹാട്രിക് ഉള്‍പ്പെടെ ബുമ്ര 6 വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഇന്ത്യയ്ക്കായി ഒരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 34 റണ്‍സെടുത്ത ഷിര്‍മോന്‍ ഹെറ്റ്‌മെയറാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. വിന്‍ഡീസിനായി നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി.