ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ടിനെ അവരുടെ ആദ്യ ഇന്നിംഗ്സിൽ 578 റൺസിൽ പുറത്താക്കിയതിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 73 റൺസെടുക്കുന്നതിനിടെ തങ്ങളുടെ 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ 92/4 എന്ന നിലയിലാണ് അവർ.
555/8 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ 578 റൺസിൽ പുറത്താക്കുകയായിരുന്നു.അശ്വിൻ, ബുംറ എന്നിവർ ഇന്ത്യയ്ക്കായി 3 വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. നാലാം ഓവറിൽ രോഹിത് ശർമ്മ (6 റൺസ്) പുറത്ത്. ജോഫ്ര ആർച്ചറിനായിരുന്നു വിക്കറ്റ്. മികച്ച ഫോമിൽ ബാറ്റ് വീശിയ ശുഭ്മാൻ ഗില്ലായിരുന്നു അടുത്തതായി വീണത്. 28 പന്തിൽ 5 ബൗണ്ടറികൾ സഹിതം 29 റൺസ് നേടിയ ഗിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 44/2.
ഉച്ച ഭക്ഷണത്തിന് ശേഷം കളി ആരംഭിച്ചതിന് പിന്നാലെ 11 റൺസെടുത്ത വിരാട് കോഹ്ലി, 1 റൺസെടുത്ത അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളും വീണതോടെ ഇന്ത്യ 73/4 എന്ന നിലയിലായി. 34 റൺസോടെ ചേതേശ്വർ പുജാരയും, 11 റൺസെടുത്ത് ഋഷഭ് പന്തുമാണ് മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ ക്രീസിൽ. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ, ഡൊമിനിക്ക് ബെസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.