SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം. കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ബൗളിങ് നിരയുടെ കിടിലൻ പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം മുതലേ തിരിച്ചടി നേരിട്ടു. പേസർമാരായ അർഷ്ദീപ് സിങ്ങും ദീപക് ചഹാറും ആഞ്ഞടിച്ചപ്പോൾ സ്കോർ ബോർഡിൽ പത്ത് റൺസെത്തുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. പിന്നീട് എയ്ഡൻ മർക്രവും വെയിൻ പാർനലും കേശവ് മഹാരാജും ന‌ടത്തിയ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 100 കടത്തിയത്.

41 റൺസ് നേടിയ മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മർക്കം 25-ും പാർനൽ 24-ും റൺസ് നേടി. ഇവരൊഴികെ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റ് ചെയ്ത മറ്റാരും രണ്ടക്കം കണ്ടില്ല. ഇന്ത്യക്കായി അർഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചഹാറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.