SHARE

ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 204 റൺസ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. കോളിൻ മൺറോ, കെയിൻ വില്യംസൻ, റോസ് ടെയ്ലർ എന്നിവരുടെ അർധസെഞ്ച്വറികളാണ് കിവീസ് ഇന്നിം​ഗ്സിന് അടിത്തറ പാകിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് എന്നാൽ മികച്ച തുടക്കമാണ് ലഭിച്ചത്. കോളിൻ മൺറോയും മാർട്ടിൻ ​ഗപ്റ്റിലും ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 80 റൺസാണ് നേടിയത്. തുടർന്നാണ് 30 റൺസെടുത്ത ​ഗപ്റ്റിലിനെ ശിവം ദുബെ പുറത്താക്കിയത്. പിന്നീട് സ്കോർ 116-ൽ എത്തിയപ്പോഴാണ് മൺറോ പുറത്തായത്. 42 പന്തിൽ ആറ് ഫോറും രണ്ട് സിക്സുമടക്കം 59 റൺസ് നേടിയ മൺറോയെ പുറത്താക്കിയത് ഷർദുൽ ഠാക്കൂറായിരുന്നു.

പിന്നീടെത്തിയ കോളിൻ ഡി ​ഗ്രാൻഹോം അതിവേ​ഗം തന്നെ പുറത്തായതോടെ ഇടയ്ക്ക് കിവീസ് ഒന്ന് പതറി. എന്നാൽ നായകൻ കെയിൻ വില്യംസനൊപ്പം സീനിയർ താരം റോസ് ടെയ്ലർ എത്തിയതോടെ കഥ മാറി. ഇരുവരും ചേർന്ന് അതിവേ​ഗം സ്കോർ ഉയർത്തി. 26 പന്തിൽ നിന്ന് നാല് സിക്സും അത്ര തന്നെ ഫോറുമടക്കം 51 റൺസ് നേടിയ ശേഷമാണ് വില്യംസൻ പുറത്താകുന്നത്. അപ്പോൾ സ്കോർ 178. പിന്നാലെ വന്ന ടിം സെയ്ഫെർട്ടും പെട്ടന്ന് തന്നെ മടങ്ങി.

അവസാന ഓവറിൽ ബുംറയെ നേരിട്ട ടെയ്ലർ കിവീസ് സ്കോർ 200 കടത്തി. ഒപ്പം ആറ് വർഷത്തിന് ശേഷം സ്വന്തം പേരിൽ ഒരു ടി20 അർധസെഞ്ച്വറിയും. 27 പന്തിൽ നിന്ന് മൂന്ന് ഫോറും അത്ര തന്നെ സിക്സുമടക്കം 54 റൺസായിരുന്നു ടെയ്ലർ നേടിയത്. ഇന്ത്യക്കായി ബുംറ, ഠാക്കൂർ, ചഹൽ, രവീന്ദ്ര ജഡേജ, ദുബെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.