SHARE

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 11 ഓവറിൽ 90 റൺസ് വിജയ ലക്ഷ്യം. മഴ വില്ലനായെത്തിയതിനെത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇന്ത്യയുടെ ലക്ഷ്യം നിർണയിച്ചത്‌. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19 ഓവറിൽ 132/7 എന്ന സ്കോറിൽ നിൽക്കെയായിരുന്നു മഴ കളി മുടക്കിയത്. തുടർന്ന് 19 ഓവറിൽ ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ച് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യൻ വിജയലക്ഷ്യം നിർണയിക്കുകയായിരുന്നു.

നേരത്തെ കഴിഞ്ഞ മത്സരത്തിലും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യൻലക്ഷ്യം നിർണയിച്ചത്. അത് മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇത്തവണയും മഴ നിയമം ഇന്ത്യയെ വലക്കാൻ സാധ്യതയുണ്ട്.

ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവെക്കും വിധം ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞതോടെ ഓസീസ് ബാറ്റ്സ്മാന്മാർ കളി മറക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതമെടുത്ത ഭുവനേശ്വർ കുമാറും, ഖലീൽ അഹമ്മദുമാണ് ഓസീസ് ബാറ്റിംഗിനെ തകർത്തത്.32 റൺസെടുത്ത ബെൻ മക്ക്ഡെർമോട്ടാണ് ഓസീസിന്റെ ടോപ്‌സ്കോറർ.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ തിരിച്ചടിയേറ്റു. ഒരു റണ്ണുമായി ആരോൺ ഫിഞ്ച് പുറത്ത്. പിന്നാലെ സ്കോർ ബോർഡിൽ 27 റൺസെത്തിയപ്പോൾ 13 റൺസുമായി ക്രിസ് ലിന്നും മടങ്ങി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഓസീസിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ബോളെടുത്തവരെല്ലാം ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയപ്പോൾ ഓസീസിന് റൺനിരക്കുയർത്താനും കഴിഞ്ഞില്ല.

ഡാർസി ഷോർട്ട് 14 റൺസിനും, ഗ്ലെൻ മാക്സ്‌വെൽ 19 റൺസിനും പുറത്തായി. അവസാന ഓവറുകളിൽ മക്ഡേർമോട്ടും (32* റൺസ്), നഥാൻ കോൾട്ടർ നൈലും (9 പന്തിൽ 18 റൺസ്) കാഴ്ച വെച്ച ബാറ്റിംഗാണ് ഓസീസ് സ്കോർ ഇത്രയുമെത്തിച്ചത്. രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വറിനും, ഖലീൽ അഹമ്മദിനും പുറമേ, ബും റ, കുൽദീപ് യാദവ്, ക്രുനാൽ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.