SHARE

ഒരു വർഷത്തേക്ക് കൂടിയുള്ള കരാർ പുതുക്കിയശേഷം ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് പറഞ്ഞ പ്രധാന കാര്യം കരുത്തരായ ടീമുകൾക്കെതിരെ മത്സരങ്ങൾ കളിക്കാൻ ശ്രമിക്കുമെന്നാണ്. സ്റ്റിമാച്ച് ഇത് പറഞ്ഞ് അധികം വൈകും മുമ്പ് തന്നെയാണ് ഫിഫ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള നേപ്പാളിനെതിരെ ഇന്ത്യ സൗഹൃദമത്സരങ്ങൾ സംഘടിപ്പിച്ചത്. സ്റ്റിമാച്ച് പറഞ്ഞതൊന്ന് സംഭവിച്ചത് മറ്റൊന്ന്.

ഭാവിയിൽ ലോകകപ്പിന് യോ​ഗ്യത നേടുകയെന്നതാണ് ഇന്ത്യൻ ടീമിന്റെ പ്രധാനലക്ഷ്യം. എന്നാൽ നേപ്പാളിനെതിരായ രണ്ട് മത്സരങ്ങൾ കഴിഞ്ഞതോടെ ലോകകപ്പ് പോയിട്ട് ഇന്ത്യ അടുത്ത ഏഷ്യാ കപ്പിന് യോ​ഗ്യത നേടുമോയെന്ന കാര്യത്തിൽ തന്നെ സംശയമുയരുന്നുണ്ട്. നേപ്പാളിനെതിരെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഇന്ത്യ ഇന്നലെ കഷ്ടിച്ച് ജയിച്ചു. നേപ്പാളിന്റേത് അൽപ്പം കൂടി മികച്ച ടീമോ അല്ലെങ്കിൽ അവർക്കൊരു മികച്ച സ്ട്രൈക്കറോ ഉണ്ടായിരുന്നെങ്കിൽ ഈ രണ്ട് മത്സരങ്ങളുടേയും ഫലം മാറിമറിഞ്ഞേനെ.

ഇന്ത്യൻ പരിശീലകസ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയ സ്റ്റിമാച്ച് ഇതിനകം ഒട്ടേറെ കളിക്കാർക്ക് ദേശീയ ടീമിൽ അവസരം നൽകി. എന്നാൽ ഇതുവരേയും ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒരു സ്റ്റാർട്ടിങ് ഇലവനെ സ്റ്റിമാച്ചിന് കണ്ടെത്താനായിട്ടില്ല. നേപ്പാളിനെതിരായ ആദ്യ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് ഏഴ് മാറ്റങ്ങളാണ് സ്റ്റിമാച്ച് രണ്ടാം മത്സരത്തിൽ നടത്തിയത്. ഇത് വ്യക്തമാക്കുന്നത് സ്റ്റിമാച്ച് ഇപ്പോഴും പരീക്ഷണം തുടരുകയാണന്നാണ്.

മധ്യനിരയിലാണ് ഇപ്പോൾ ഇന്ത്യൻ ടീമിന് പ്രതിഭാധാരാളിത്തമുള്ളത്. ഒട്ടേറെ മികച്ച വിങ്ങർമാരും ഫുൾ ബാക്കുകളും ​ഗോൾക്കീപ്പർമാരും ഇന്ത്യക്കുണ്ട്. എന്നാൽ ഏറ്റവും നിർണായകമായ സെന്റർ ബാക്ക്, സെന്റർ ഫോർവേഡ് പൊസിഷനുകളിൽ ഇന്ത്യ പ്രതിസന്ധി നേരിടുകയാണ്. സന്ദേശ് ജിം​ഗനാണ് ഇന്ത്യൻ പ്രതിരോധനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിധ്യം. എന്നാൽ ജിം​ഗൻ ഇല്ലാത്ത അവസരങ്ങളിൽ ഇന്ത്യൻ പ്രതിരോധം ഒത്തിണക്കമില്ലാത്തതും കരുത്തുചോർന്നതുമാകും. നേപ്പാളിനെതിരായ രണ്ട് മത്സരങ്ങളിലും പ്രതിരോധനിര വലിയ പിഴവുകൾ വരുത്തിയിരുന്നു. നേപ്പാൾ പരിശീലകൻ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി.

ചിങ്ലൻസന സിങ്ങാണ് ജിം​ഗനൊപ്പം പ്രതിരോധനിരയിൽ സ്ഥാനമുറപ്പിച്ച ഒരാൾ. എന്നാൽ യൂറോപ്പിലേക്ക് കൂടുമാറിയതോടെ ജിം​ഗന്റെ ദേശീയ ടീമിലെ പ്രാതിനിധ്യം പരിമിതപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സനയ്ക്കൊപ്പം പറ്റിയ പങ്കാളിയെ കണ്ടെത്തേണ്ടതുണ്ട്. നേപ്പാളിനെതിരെ ആദ്യ മത്സരത്തിൽ ലെഫ്റ്റ് ബാക്കായ സുഭാശിഷ് ബോസും രണ്ടാം പകുതിയിൽ റൈറ്റ് ബാക്കായ രാഹുൽ ബെക്കെയുമായിരുന്നു സനയുടെ പങ്കാളി. ഇന്നലെയാണ് സെന്റർ ബാക്കായ പ്രീതം കോട്ടാൽ സനയ്ക്കൊപ്പം കളിച്ചത്. എന്തിനേറെ, നേപ്പാളിനെതിരായ ഇന്ത്യയുടെ സ്ക്വാഡിൽ തന്നെ സ്വാഭിവക സെന്റർ ബാക്കുകളായി പ്രീതവും സനയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

37-കാരനായ സുനിൽ ഛേത്രിയാണ് ഇപ്പോഴും ഇന്ത്യയുടെ പ്രധാന സ്ട്രൈക്കർ. ഇന്നലേയും ഇന്ത്യയുടെ രക്ഷകനായത് ഛേത്രി തന്നെയായിരുന്നു. ഛേത്രിക്ക് ശേഷം ഇന്ത്യൻ മുൻനിരയെ ആര് നയിക്കുമെന്ന ചോദ്യം ഉയർന്നുതുടങ്ങിയിട്ട് വർഷങ്ങളേറെയായി. എന്നാലിതിന് ഉത്തരം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മൻവീർ സിങ്ങിലാണ് ഇന്ത്യ പ്രതീക്ഷ പുലർത്തുന്നത്. എന്നാൽ ​ഛേത്രിയുടേത് പോലെ എതിർബോക്സിനുള്ളിൽ ചലനങ്ങളുണ്ടാക്കാൻ മൻവീറിന് സാധിച്ചിട്ടില്ല. ഇഷാൻ പണ്ഡിതയാണ് പിന്നീട് പ്രതീക്ഷിക്കാവുന്ന താരം. എന്നാൽ ഇതുവരെ ക്ലബിൽ കാര്യമായി അവസരം കിട്ടാതിരുന്ന ഇഷാനെ പരിശീലകൻ ദേശീയ ടീമിലേക്ക് പരി​ഗണിച്ചിട്ട് കൂടിയില്ല.

പന്ത് കൈവശം വച്ചുള്ള കളിശൈലിയിലേക്ക് ഇന്ത്യയെ മാറ്റാനാണ് തന്റെ ശ്രമമെന്നാണ് സ്റ്റിമാച്ച് ആദ്യം മുതൽ പറയുന്നത്. കോവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധികൾ പരി​ഗണിച്ചാൽ പോലും ഇത്ര കാലമായിട്ടും സ്റ്റിമാച്ചിന് ആ ശൈലി ടീമിൽ നടപ്പാക്കാൻ സാധിച്ചിട്ടില്ല. നേപ്പാളിനെതിരായ മത്സരത്തിൽ പലപ്പോഴും ഇന്ത്യൻ താരങ്ങൾക്ക് പന്തിന്മേൽ നിയന്ത്രണം നഷ്ടമാകുന്നത് കണ്ടിരുന്നു. ചെറിയ പാസുകളും വൺടച്ച് മൂവുകളുമൊക്കെ ഇപ്പോഴും പല താരങ്ങൾക്കും അപരിചിതമായിട്ടാണ് തോന്നുന്നത്.

ചരുക്കിപ്പറഞ്ഞാൽ കോൺസ്റ്റന്റൈൻ നിർത്തിയയിടത്ത് നിന്ന് ഒരടി പോലും മുന്നോട്ട് ഇന്ത്യൻ ഫുട്ബോൾ പോയിട്ടില്ല. മറിച്ച് മത്സരഫലങ്ങൾ പരിശോധിച്ചാൽ പിന്നോട്ട് പോയെന്ന സത്യം അം​ഗീകരിക്കേണ്ടിവരും. നേപ്പാളിനെതിരായ മത്സരങ്ങൾ ലൈവ് കണ്ടത് ധാരാളം ആരാധകരാണ്. അവർ എല്ലാവരും തന്നെ കടുത്ത നിരാശയിലാണെന്നത് സമൂഹമാധ്യമങ്ങളിലെ പ്രതികരണം വ്യക്തമാക്കുന്നു. ഈ സാഹചര്യം ഇന്ത്യൻ ഫുട്ബോൾ അധികൃതകരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുമോയെന്നാണ് അറിയാനുള്ളത്.