SHARE
ഇന്ത്യൻ അണ്ടർ - 19 ടീം (ഫയൽ ചിത്രം)

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യന്‍ യുവനിര പുറത്ത്. നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റതോടെയാണ് രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യന്മാർ സെമി കാണാതെ പുറത്തായത്. ഇന്ത്യയെ അട്ടിമറിച്ച നേപ്പാളും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയിലും അട്ടിമറി നടന്നു. ശ്രീലങ്കയെ മറികടന്ന് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും സെമിയിലെത്തി. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അഫ്ഗാന്റെ വരവ്. പാക്കിസ്ഥാനെ അട്ടിമറിച്ച അഫ്ഗാന്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുഎഇയെയും കീഴടക്കുകയായിരുന്നു. സെമിയില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാന്‍ നേപ്പാളിനെയും എതിരിടും.

ചൊവ്വാഴ്ച്ച നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തിലെ മഴ പെയ്തതിനാല്‍ കളി 32 ഓവറാക്കി ചുരുക്കിയിരുന്നു. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റിന് 187 റണ്‍സെടുക്കാനേ ദ്രാവിഡിന്റെ ശിഷ്യന്മാര്‍ക്കായുള്ളു. മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്ത് പൊരുതിയ സല്‍മാന്‍ ഖാനാണ് (39) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ബംഗ്ലാദേശാകട്ടെ ഈ ലക്ഷ്യം കേവലം രണ്ടുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ പിനാക് ഘോഷ് 87 റണ്‍സെടുത്ത് കളിയിലെ താരമായി.

മറ്റൊരു നിര്‍ണായക മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് നേപ്പാള്‍ മലേഷ്യയെ കീഴടക്കിയത്. മഴ മൂലം 24 ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മലേഷ്യ 45 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. എട്ടു റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ നേടിയ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലമിച്ചനാണ് ആതിഥേയരെ തകര്‍ത്തെറിഞ്ഞത്.