SHARE

2019ല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് നിര്‍ണ്ണായക നീക്കവുമായി ഇന്ത്യ. ഏകദിന ലോകകപ്പിന് മുന്നോടിയായി 30 അന്താരാഷ്ട്ര ഏകദിനങ്ങളാണ് ഈ സീസണില്‍ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. എല്ലാ ഫോര്‍മാറ്റുകളിലുമായി ആകെ 63 മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

എന്നാല്‍ പ്രധാനമായും ഈ സീസണ്‍ ഏകദിനത്തിനായി മാറ്റി വെക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഐ പി എല്ലിന് മുമ്പ് ബംഗ്ലാദേശും ഇന്ത്യയും ശ്രീലങ്കയും പങ്കെടുക്കുന്ന നിദാഹാസ് ടി20 ത്രിരാഷ്ട്ര പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ശ്രീലങ്കയിൽ വെച്ചാണ് നിദാഹാസ് ട്രോഫി നടക്കുക. ഐ പി എല്ലിന് ശേഷം ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇന്ത്യയുടെ അടുത്ത സീസണ്‍ ആരംഭിക്കുക.

ജൂണില്‍ തന്നെ അയര്‍ലാന്‍ഡിനെതിരെ അവരുടെ നാട്ടില്‍ രണ്ട് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ജൂലൈ-സെപ്തംബര്‍ കാലയളവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയിലൂടെ ഇന്ത്യ ഏകദിനമത്സരങ്ങള്‍ ആരംഭിക്കുക. മൂന്നു ഏകദിനങ്ങളാണ് പരമ്പരയില്‍ ഉണ്ടായിരിക്കുക. അതിന് ശേഷം ഏഷ്യാകപ്പില്‍ ഒമ്പതു ഏകദിനങ്ങളും (ഏകദേശം), വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ അഞ്ചു ഏകദിനങ്ങളും, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു ഏകദിനങ്ങളും, ന്യൂസിലാന്‍ഡ് പര്യടനത്തില്‍ അഞ്ചു ഏകദിനങ്ങളും ഇന്ത്യ കളിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സംഘടിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. 2011ല്‍ ലോകകിരീടം ഉയര്‍ത്തിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ സെമിഫൈനലില്‍ അടിതെറ്റുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യ ഓസ്‌ട്രേലിയയോട് 95 റണ്‍സിനാണ് സെമിഫൈനലില്‍ പരാജയപ്പെട്ടത്. എന്തായാലും അടുത്ത ലോകകപ്പില്‍ 2011 ആവര്‍ത്തിച്ച് ലോകകിരീടത്തില്‍ മുത്തമിടുകയെന്ന ലക്ഷ്യം തന്നെയാണ് ഏകദിന റാങ്കിംഗിലെ മുമ്പന്‍മാരക്കുള്ളത്.