SHARE

ഓസ്‌ട്രേലിയക്കെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. അവസാന മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചിട്ടും പരാജയപ്പെട്ടതിന്റെ നിരാശ മാറ്റാനാവും ഇന്ത്യയുടെ ശ്രമം. ആദ്യം ബാറ്റ് ചെയ്ത് 358 റണ്‍സ് നേടിയിട്ടും ബോളിംഗ് നിര അത് പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. പരമ്പര 2-2 സമനിലയിൽ നിൽക്കുന്നതിനാൽ ഡൽഹിയിൽ നടക്കുന്ന അവസാന ഏകദിന മത്സരം ഏറെ നിര്‍ണ്ണായകമാവും.

പേസ് ബോളര്‍ മുഹമ്മദ് ഷമിയ്ക്ക് പൂര്‍ണ്ണ കായിക്ഷമതയുണ്ടെന്ന് ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കിൽ ഷമി കളത്തിലിറങ്ങിയേക്കില്ല. ഓപ്പണര്‍മാര്‍ ഫോമിലെത്തിയതോടെ കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ കെ എല്‍ രാഹുലിന് കൂടുതല്‍ പരീക്ഷണം നേരിടേണ്ടി വന്നില്ല. അതു കൊണ്ട് തന്നെ മുന്നാമനായി രാഹുല്‍ തന്നെ ഇറങ്ങിയേക്കുമെന്നാണ് സൂചന.

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ.