SHARE

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ പേസർമാരായ ഭുവനേശ്വർ കുമാറിനും, ജസ്പ്രീത് ബുംറയ്ക്കും ഒരുമിച്ച് വിശ്രമം അനുവദിക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഇന്ത്യൻ ടീം സെലക്ടർമാർക്കെതിരെയും ഇക്കാര്യത്തിൽ ഗവാസ്കർ ആഞ്ഞടിച്ചു.

“ഭുവനേശ്വർ കുമാറിനും ബുംറയ്ക്കും‌ വിശ്രമം അനുവദിക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തുന്നു. സെലക്ടർമാർ ടെസ്റ്റ് ക്രിക്കറ്റിന് അത്ര പ്രാധാന്യം നൽകുന്നില്ലെന്ന് തോന്നുന്നു. താരങ്ങൾക്ക് അഥവാ വിശ്രമം അനുവദിക്കണമെങ്കിൽ തന്നെ നിശ്ചിത ഓവർ മത്സരങ്ങളിൽ നിന്ന് മാത്രമായിരിക്കണം അത്. അല്ലാതെ ടെസ്റ്റ് മത്സരങ്ങളിൽ നിന്നല്ല അവർക്ക് വിശ്രമം നൽകേണ്ടത്. ടെസ്റ്റ് ക്രിക്കറ്റ് നിലനിന്ന് പോകണമെങ്കിൽ‌ ഏറ്റവും മികച്ച താരങ്ങൾ മത്സരം കളിക്കാനെത്തണം”. ഗവാസ്കർ പറഞ്ഞുനിർത്തി.

അതേ സമയം സീനിയർ പേസർമാർക്ക് വിശ്രമം അനുവദിച്ചതോടെ, ഓസീസ് പര്യടനത്തിനുള്ള‌ ടീമിൽ ഇടം പിടിക്കാനുള്ള സുവർണാവസരമാണ് യുവതാരങ്ങളായ ഷർദൂൽതാക്കൂറിനും, മൊഹമ്മദ് സിറാജിനും ലഭിച്ചിരിക്കുന്നതെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇരുവർക്കും സ്ഥാ‌നം ലഭിക്കാൻ സാധ്യതയുണ്ട്. ഗവാസ്കർ പറഞ്ഞു