SHARE

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. കേപ്പ് ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വലവിജയം നേടിയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്(2-1). ആദ്യ ടെസ്റ്റിൽ തോറ്റ ശേഷം തുടർച്ചയായി രണ്ട് ജയം നേടിയാണ് ദക്ഷിണാഫ്രിക്ക കിരീടമുയർത്തിയത്.

രണ്ടാമിന്നിം​ഗിൽ 212 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ചത്. എന്നാൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പടുത്തി വിജയലക്ഷ്യം കൈവരിക്കുകയായിരുന്നു. 82 റൺസ് നേടിയ കീ​ഗൻ പീറ്റേഴ്സനാണ് അവസാന ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കിയത്. 41 റൺസോടെ റെസ്സി വാൻ ഡെർ ഡെസനും 32 റൺസുമായി ടെംബാ ബാവുമയും പുറത്താകാതെ നിന്നു. രവചന്ദ്രൻ അശ്വിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ബാവുമായാണ് വിജയറൺ നേടിയത്.

ബാറ്റിങ് നിര നിറം മങ്ങിയതാണ് ഇന്ത്യയുടെ തോൽവിക്ക് പിന്നിലെ പ്രധാന കാരണം. റിഷഭ് പന്തും വിരാട് കോഹ്ലിയും മാത്രമാണ് രണ്ട് ഇന്നിം​ഗ്സുകളും മികച്ച പ്രകടനം നടത്തിയത്. ആദ്യ ഇന്നിം​ഗ്സിൽ മികവ് കാട്ടിയ ഇന്ത്യ ബൗളിങ് നിരയും രണ്ടാം ഇന്നിം​ഗ്സിൽ നിരാശപ്പെടുത്തി.