SHARE

കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ‌ൻ സംഘത്തിൽ സെലക്ടർമാർ ഉൾപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു. ഇത്തവണയും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ സൂര്യകുമാർ യാദവിനെ ഒരിക്കൽക്കൂടി ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ ആരാധകരും, മുൻ താരങ്ങളുമടക്കമുള്ളവർ രംഗത്തെത്തി‌. ടീമിന്റെ സെലക്ഷൻ കമ്മറ്റിക്കെതിരെ വലിയ വിമർശനമാണ് അവർ അഴിച്ചു വിട്ടത്. ഇപ്പോളിതാ സൂര്യകുമാർ യാദവിനെ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സെലക്ഷൻ പാനലിലെ അംഗങ്ങളിലൊരാളായ ദേവാംഗ് ഗാന്ധി.

ഇന്ത്യൻ ടീമിന്റെ വലിയ ബെഞ്ച് സ്ട്രെംഗ്ത്ത് കാരണമാണ് സൂര്യകുമാർ യാദവിന് ടീമിലേക്ക് വിളിയെത്താത്തത് എന്നാണ് ദേവാഗ് ഗാന്ധിയുടെ പക്ഷം. സൂര്യകുമാർ യാദവ് ഒന്നാന്തരം കളികാരനാണെന്ന് പറഞ്ഞ അദ്ദേഹം, താരത്തോട് ക്ഷമയോടെയിരിക്കണമെന്നും പറയുന്നു.

“സൂര്യകുമാറിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആരെയാണ് പുറത്താക്കേണ്ടതെന്ന് കൂടി ഞങ്ങളോട് പറയണമെന്ന് ഞാൻ ക്രിക്കറ്റ് വിദഗ്ദ്ധരോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യയ്ക്ക് വലിയ ബെഞ്ച് സ്ട്രെംഗ്ത്തുണ്ട്. സെലക്ഷൻ പ്രക്രിയ പലപ്പോളും ഒഴിവാക്കലിനെക്കുറിച്ചാകും. ഒരു സ്ലോട്ടിലേക്ക് തന്നെ ഒരു പോലെ മികച്ച 4 പേരുണ്ടാകും.

വ്യക്തമായും, നിങ്ങൾക്ക് കഴിവുള്ള ചില കളികാരെ മാറ്റി നിർത്തേണ്ടി വരും. സൂര്യകുമാർ ഒരു മികച്ച കളികാരനാണ്. പക്ഷേ അദ്ദേഹം ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. പ്രകടനങ്ങൾ അദ്ദേഹം തുടർന്നുകൊണ്ടേയിരിക്കണം.” ദേവാംഗ് ഗാന്ധി പറഞ്ഞു നിർത്തി.