SHARE

ഈ വർഷാവസാനം ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളിലൊന്ന് ഡേ-നൈറ്റ് മത്സരമായിരിക്കുമെന്ന് സൂചന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ബിസിസിഐ ഒഫീഷ്യൽമാരിലൊരാളാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. ഓസ്ട്രേലിയയിൽ പകൽ-രാത്രി ടെസ്റ്റ് കളിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഒരു മാസം മുൻപ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു.

നേരത്തെ 2018-19 ൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു ഡേ-നൈറ്റ് ടെസ്റ്റ് കളിക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ, ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, ബിസിസിഐ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയിൽ വെച്ച് ഇരു ടീമുകളും പങ്കെടുത്ത ഏകദിന പരമ്പരയ്ക്കിടെ ഇരു ടീമുകളുടേയും ഒഫീഷ്യലുകൾ‌ ഡേ-നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടത്തിയിരുന്നെന്നാണ് റിപ്പോർട്ട്.

അതേ സമയം ഇത് വരെ ഒരു ഡേ നൈറ്റ് ടെസ്റ്റ് മത്സരമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നവംബറിൽ ബംഗ്ലാദേശിനെതിരെയായിരുന്നു അത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഈ മത്സരത്തിൽ ഇന്ത്യ അനായാസ ജയം കുറിച്ചിരുന്നു.