SHARE

രണ്ട് മത്സരങ്ങളിലും സമനില വഴങ്ങി സാഫ് കപ്പിൽ തപ്പിത്തടയുകയാണെങ്കിലും ഇന്ത്യക്ക് ഇപ്പോളും ടൂർണമെന്റിൽ കിരീട സാധ്യതയുണ്ടെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. മികച്ച രീതിയിൽ കളിച്ചാൽ ടീമിന് ജയിക്കാനാകുമെന്നും, അതല്ലാതെ മറ്റ് വഴികൾ മുന്നിലില്ലെന്നും പറയുന്ന സ്റ്റിമാച്ച്, മത്സരങ്ങൾ വിജയിക്കുന്നതിന് വേണ്ടിയാകണം ടീം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ നേപ്പാളിനെ നേരിടാനൊരുങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ.

“നന്നായി കളിച്ചാൽ ഉറപ്പായും മത്സരം ജയിക്കാം. ജയിക്കുക എന്നതല്ലാതെ മറ്റ് വഴികളൊന്നും മുന്നിലില്ല. ഞങ്ങൾ ഇപ്പോളും ഇവിടെയുള്ളത് ടൂർണമെന്റ് ജയിക്കാനാണ്‌. സാധ്യതകൾ ഇപ്പോളും തുറന്ന് കിടക്കുന്നു. എട്ടോ ഒൻപതോ പോയിന്റുകൾ നേടാനല്ല, മറിച്ച് ടൂർണമെന്റിൽ ജയിക്കാനാണ് നമ്മൾ ഇവിടെയെത്തിയത്‌. ആറ് പോയിന്റ് നേടാനായാലും ഫൈനലിലെത്താനാകും. കണക്കുകളെക്കുറിച്ച് ആലോചിക്കാതെ വിജയിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.” സ്റ്റിമാച്ച് പറഞ്ഞു.

അതേ സമയം സാഫ് കപ്പിൽ ഇക്കുറി വലിയ പ്രതീക്ഷകളുമായെത്തിയ ഇന്ത്യക്ക് ടൂർണമെന്റിൽ ഇതു വരെ തിളങ്ങാനായിട്ടില്ല. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലും, ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തിലും ഗോൾ രഹിത സമനില ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യക്ക് നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനമാണുള്ളത്. ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഇന്ന് നേപ്പാളാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30 നാണ് മത്സരത്തിന്റെ കിക്കോഫ്.