SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യ ഏകദിന പോരാട്ടത്തിന് ഒരുങ്ങുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പര നാളെയാണ് തുടങ്ങുന്നത്. പാരിലെ ബൊലാൻഡ് പാർക്കിലാണ് മത്സരം നടക്കുക.

പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥിരം ക്യാപ്റ്റനായി രോഹിത് ശർമ നിയമിക്കപ്പെട്ടത് ദക്ഷിണാഫ്രിക്കൻ പര്യടത്തിന് തൊട്ടുമുമ്പാണ്. എന്നാൽ പരുക്കിനെത്തുടർന്ന് രോഹിത്തിന് പര്യടനം പൂർണമായി നഷ്ടമായി. ഈ സാഹചര്യത്തിൽ കെഎൽ രാഹുലാണ് ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്.

ക്യാപ്റ്റൻ സ്ഥാനത്തിന് പുറമെ ബാറ്റിങ് ഓർഡറിലും രോഹിത്തിന് പകരക്കാരനാകുമെന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്. ഏകദിന പരമ്പരയിൽ താൻ ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യുമെന്ന് രാഹുൽ സ്ഥിരീകരിച്ചു. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ കുറേ നാളുകളായി നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ഞാൻ ബാറ്റ് ചെയ്തിരുന്നത്, എന്നാലിപ്പോൾ രോഹിത് ഇല്ലാത്ത സാഹചര്യത്തിൽ ഈ പരമ്പരയിൽ ഞാൻ ഓപ്പണറാകും, രാഹുൽ പറഞ്ഞു. ഓൾറൗണ്ടർ വെങ്കെടേഷ് അയ്യർ ഒരുപക്ഷെ നാളത്തെ മത്സരത്തിൽ ഏകദിന അരങ്ങേറ്റം കുറിച്ചേക്കുമെന്നും രാഹുൽ സൂചന നൽകി. കഴിഞ്ഞ നവംബറിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലാണ് വെങ്കെടേഷ് ഇന്ത്യൻ ടീമിനായി അരങ്ങേറിയത്.