SHARE
ഫയൽ ചിത്രം

ഏഷ്യൻ രാജ്യമായ മാലിദ്വീപിന് ക്രിക്കറ്റ് സ്റ്റേഡിയം പണിയിപ്പിച്ച് കൊടുക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ സൂചന നൽകിയത്. ഇതിനൊപ്പം മാലിദ്വീപിലെ ക്രിക്കറ്റ് വളർച്ചയ്ക്ക് പരമാവധി സഹായം ചെയ്ത് കൊടുക്കാൻ ബിസിസിഐ യോടും ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

മാലിദ്വീപിൽ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാൻ ക്രിക്കറ്റ് ശക്തികളായ ഇന്ത്യയുടെ സഹായം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹ് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് നേരത്തെ ഇന്ത്യൻ ഗവണ്മെന്റ് മാലിദ്വീപ് ദേശീയ ടീമിലുള്ള താരങ്ങൾക്ക് സൗജന്യമായി ക്രിക്കറ്റ് കിറ്റുകൾ നൽകിയിരുന്നു. ഇതിനൊപ്പം കഴിഞ്ഞ‌മാസം ബിസിസിഐ അധികൃതർ മാലിദ്വീപിൽ സന്ദർശനവും നടത്തി. രാജ്യത്ത് പുതിയൊരു സ്റ്റേഡിയം പണികഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ സന്ദർശനം.

നേരത്തെ ഏപ്രിൽ മാസം ഐപിഎൽ മത്സരങ്ങളിലൊന്ന് കാണാൻ മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയിൽ എത്തിയിരുന്നു. തുടർന്ന് അദ്ദേഹവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാലിദ്വീപിലെ ക്രിക്കറ്റ് വികസനത്തിന് വൻ തുക ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പുറമേയാണ് മാലിദ്വീപിനുള്ള തങ്ങളുടെ സമ്മാനമെന്ന രീതിയിൽ ഇന്ത്യ സ്വന്തം ചിലവിൽ അവിടെ ക്രിക്കറ്റ് സ്റ്റേഡിയവും പണി‌കഴിപ്പിക്കാനൊരുങ്ങുന്നത്.