SHARE

അടുത്ത വർഷം (2020) ജനുവരിയിൽ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. ഐസിസി യുടെ ഫ്യൂച്ചർ ടൂർ പ്രോഗ്രാം (എഫ് ടി പി) അനുസരിച്ചാണ് ഈ പരമ്പര നടക്കുക. എന്നാൽ മൂന്ന് മത്സരങ്ങൾ ഏതൊക്കെ തീയതികളിലാകും നടക്കുക എന്ന കാര്യത്തിൽ ഇതേ വരെ തീരുമാനമായിട്ടില്ല.

അടുത്ത വർഷം തുടക്കത്തിൽത്തന്നെ ഈ പരമ്പര സംഘടിപ്പിക്കരുതെന്നും കുറച്ച് വൈകി മതി മത്സരങ്ങളെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ബിസിസിഐ യോട് ആവശ്യപ്പെട്ടെങ്കിലും‌ അവരുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചില്ല. നേരത്തെ വിചാരിച്ചതിലും അല്പം കൂടി മുന്നേ പരമ്പര നടത്താനാണ് ബിസിസിഐ ഐ‌ താല്പര്യപ്പെടുന്നത് എന്നാണ് സൂചന. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഉറപ്പിച്ചതോടെ, ഈ സമയം നാട്ടിൽ ന്യൂസിലൻഡിനെതിരെ നടത്താനിരുന്ന ഏകദിന‌പരമ്പര ഓസീസിന് ഉപേക്ഷിക്കേണ്ടി‌വരും. അതേ സമയം ഇന്ത്യൻ പര്യടനം ജനുവരിയിൽ നടക്കുന്നത് ബിഗ് ബാഷ് ലീഗിന്റെയും താരപ്പകിട്ട് കുറയ്ക്കും. ഓസീസ് ടീമിലുള്ള താരങ്ങൾക്ക് ഈ സമയം ബിഗ് ബാഷ് ലീഗിൽ കളിക്കാനാവില്ലെന്നതാണ് കാരണം.