SHARE

2019-20 സീസണിലേക്കുള്ള ഇന്ത്യൻ ടീമിന്റെ ഹോം സീസൺ ഫിക്സ്ചർ പുറത്ത് വിട്ട് ബിസിസിഐ. 2019 സെപ്റ്റംബർ മുതൽ 2020 മാർച്ച് വരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ഹോം സീസൺ. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പൻടീമുകൾ ഈ കാലയളവിൽ ഇന്ത്യയിൽ കളിക്കാനെത്തും. വിൻഡീസിനെതിരായ ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനനന്തപുരത്തും നടക്കുന്നുണ്ട് എന്നതിനാൽ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും ഏറെ ആവേശംസമ്മാനിക്കുന്ന ഷെഡ്യൂളാണിത്.

5 ടെസ്റ്റുകളും, 9 ഏകദിനങ്ങളും, 12 ടി20 മത്സരങ്ങളുമാണ് അടുത്ത ഹോം സീസണിൽ ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കയാണ് ഈ‌ സീസണിൽആദ്യം ഇന്ത്യയിൽ കളിക്കാനെത്തുക. മൂന്ന് വീതം ടി20/ടെസ്റ്റ് മത്സരങ്ങളാണ് അവർ ഇവിടെ കളിക്കുക. ഈ വർഷം സെപ്റ്റംബർ 15-ം തീയതി മുതൽ ഒക്ടോബർ 23 വരെയാണ് ഈ പരമ്പര. നവംബറിൽ ബംഗ്ലാദേശ് ഇന്ത്യയിലെത്തും. അവരുമായി മൂന്ന് ടി20 മത്സരങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ഏറ്റുമുട്ടും. ഡിസംബർ 6 മുതൽ 22 വരെ നടക്കുന്ന വിൻഡീസ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളാണുമുള്ളത്.

-Advertisement-

2020 ൽ ഇന്ത്യയുടെ ആദ്യ പോരാട്ടം സിംബാബ്‌വെയ്ക്കെതിരെയാണ്. ഇന്ത്യയിലെത്തുന്ന അവർ മൂന്ന് ടി20 മത്സരങ്ങളാണ് ആതിഥേയർക്കെതിരെ കളിക്കുക. ഈ പരമ്പര അവസാനിക്കുന്നതോടെ ഓസ്ട്രേലിയ ഇന്ത്യയിലെത്തും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിക്കുക. 2020 മാർച്ച് 12 മുതൽ 18 വരെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയോടെ ഇന്ത്യയുടെ 2019-20 ഹോം സീസണ് അവസാനമാകും.