SHARE

ഓഗസ്റ്റ് അവസാനം ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സര ടി20 പരമ്പര കളിക്കാൻ സമ്മതം മൂളി ഇന്ത്യ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളുടേയും സർക്കാരുകൾ പച്ചക്കൊടി വീശിയാൽ മാത്രമേ പക്ഷേ മത്സരങ്ങൾ നടക്കൂ. അത് കൊണ്ടു തന്നെ പരമ്പരയുടെ മറ്റ് വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും, ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയ ഗ്രെയിം സ്മിത്തുമാണ് ഈ പരമ്പരയ്ക്ക് മുൻ കൈയ്യെടുത്തിരിക്കുന്നത്.

അതേ സമയം ഇന്ത്യയുമായി പരമ്പര കളിക്കുന്നത് കോവിഡ് കാലത്ത് സംഭവിച്ച നഷ്ടം ഒരുപരിധി‌വരെ നികത്താൻ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് മത്സര ടി20 പരമ്പരയാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നതെങ്കിലും ചിലപ്പോൾ ഇതിൽ മാറ്റങ്ങൾ വന്നേക്കാമെന്നും ഓഗസ്റ്റിൽ നിന്ന് സെപ്റ്റംബറിലേക്ക് മത്സരങ്ങൾ നീണ്ടേക്കാമെന്നും സൂചനകളുണ്ട്.