SHARE

ഈ വർഷാവസാനം ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരവും കളിച്ചേക്കുമെന്ന് സൂചന. പരമ്പരയിലെ രണ്ടാം ടെസ്റ്റാകും രാത്രിയും പകലുമായി നടക്കുകയെന്നും, വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് കരുതപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ ആവേശം നൽകുന്ന വാർത്തയാണിത്.

മുൻപും ഇന്ത്യയ്ക്കെതിരെ പിങ്ക് ബോൾ ടെസ്റ്റ് കളിക്കാൻ ഓസ്ട്രേലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യ ഇതിനോട് താല്പര്യപ്പെട്ടിരുന്നില്ല. എന്നാൽ പോയ വർഷം ഇന്ത്യ ബംഗ്ലാദേശിനെതിരെ തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുകയും, ഈ മത്സരം ക്രിക്കറ്റ് ലോകം ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളോടുള്ള ബിസിസിഐയുടെ എതിർപ്പ് കുറഞ്ഞത്.

-Advertisement-

അതേ സമയം ഈ വർഷാവസാനം ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ 4 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഡിസംബർ 3 ന് ഗാബയിലാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. ഡിസംബർ 11 ന് അഡലെയ്ഡ് ഓവലിൽ രണ്ടാം ടെസ്റ്റും, ഡിസംബർ 26 ന് മെൽബണിൽ മൂന്നാം ടെസ്റ്റും, ജനുവരി ആദ്യം സിഡ്നിയിൽ നാലാം ടെസ്റ്റും ആരംഭിക്കും.