ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ഈ വരുന്ന മാർച്ച് മാസത്തിൽ രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കും. ഇന്ത്യയിൽ തന്നെയാകും ഈ മത്സരങ്ങൾ നടക്കുക. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. അന്ന് സിംഗപ്പൂരിനെതിരെ സമനില വഴങ്ങിയ ഇന്ത്യ, വിയറ്റ്നാമിനോട് തോൽവിയും നേരിട്ടു. ഇതിനുശേഷം ഇനി മാർച്ചിലാകും ഇന്ത്യ കളിക്കളത്തിലിറങ്ങുക. എന്നാൽ ഇന്ത്യയുടെ എതിരാളികൾ ആരാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ മത്സരങ്ങൾ ഇന്ത്യയിലാണ് നടക്കുന്നത് എന്നതിനാൽ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ടീമുകൾ എതിരാളികളായി എത്താൻ സാധ്യത കുറവാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ഇന്ത്യക്ക് കുറച്ചധികം അന്താരാഷ്ട്ര മത്സരങ്ങൾ ലഭിക്കും. ജൂണിൽ ഇന്റർകോണ്ടിനെന്റൽ കപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ മലേഷ്യയിൽ നടക്കുന്ന മർഡേക്ക കപ്പിൽ ഇന്ത്യ കളിക്കുമെന്ന് ഏഐഎഫ്എഫ് അറിയിച്ചിട്ടുമുണ്ട്.