SHARE

വീണ്ടുമൊരു ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യ തുടക്കം കുറിച്ചിരിക്കുകയാണ്. ഓരോ ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് സമ്മാനിക്കുന്നത്. ആഫ്രിക്കക്കാരെ അവരുടെ നാട്ടില്‍ പോയി ഇതുവരെ രണ്ടു തവണ മാത്രമാണ് ഇന്ത്യയ്ക്ക് തോല്‍പ്പിക്കാനായത്. ന്യൂലാന്‍ഡ്‌സില്‍ ആദ്യ ടെസ്റ്റിന് കളമൊരുങ്ങിയപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യത്യസ്തമായൊരു വിജയ മന്ത്രമാണ് ടീം ഇന്ത്യയ്ക്ക് ഉപദേശിച്ചിരിക്കുന്നത്.

2011ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീം പയറ്റിയ തന്ത്രത്തിന് പുതുരൂപം ചമയ്ക്കാനാണ് സച്ചിന്റെ ഉപദേശം. അന്ന് ഹര്‍ഭജന്‍ സിംഗായിരുന്നു ഇന്ത്യയുടെ പ്രധാന ബൗളര്‍. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചെങ്കിലും ഹര്‍ഭജന്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. 2011ല്‍ കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. ഇതിനു വഴിയൊരുക്കിയത് സഹീറും ശ്രീശാന്തുമായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ പിച്ച് കൂടുതല്‍ വരണ്ടതാകും.

ബൗളര്‍മാര്‍ ബൗളിംഗ് ക്രീസില്‍ ആഴത്തിലുള്ള മര്‍ദം ഉണ്ടാക്കുന്നതോടെ പിച്ച് കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. ഇത് മുതലെടുത്ത ഹര്‍ഭജന് നല്ല ബൗണ്‍സും ടേണും ലഭിക്കുകയും ചെയ്തു. ഇത്തവണ അശ്വിന്‍ പന്തെറിയുമ്പോള്‍ മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും ഈ തന്ത്രം വീണ്ടും പ്രയോഗിക്കണമെന്നാണ് സച്ചിന്‍ പറയുന്നത്. സ്പിന്നര്‍മാരെ കളിക്കാന്‍ എന്നും ബുദ്ധിമുട്ടുന്ന ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഇത് ഉപകരിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കുന്നു.