SHARE

ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ മിന്നും പ്രകടനം തുടരുന്നു. ഗ്രൂപ്പ് ബിയില്‍ പാപ്പുവ ന്യൂഗിനിയയാണ് ഇന്ത്യന്‍ കരുത്തറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂഗിനിയ വെറും 64 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ എട്ടോവറില്‍ ലക്ഷ്യം നേടി. ക്യാപ്റ്റന്‍ പൃഥ്വി ഷാ (39 പന്തില്‍ 57) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടി. ആദ്യ കളിയില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ തറപറ്റിച്ചിരുന്നു.

ഭൂമിശാസ്ത്രപരമായി ഓസ്‌ട്രേലിയയുടെ അയല്‍ക്കാരായ പാപ്പുവന്യൂഗിനിയയ്ക്ക് ക്രിക്കറ്റില്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ടീമാണ്. ന്യൂസിലന്‍ഡില്‍ ലോകകപ്പിനെത്തിയതും ഒരു പ്രതീക്ഷയില്ലാതെയാണ്. ടോസ് നേടിയ പൃഥ്വി ബൗളിംഗ് തെരഞ്ഞെടുത്തതോടെ കാര്യങ്ങള്‍ തീരുമാനമാകുമെന്ന് ഉറപ്പായിരുന്നു. രാവിലത്തെ സ്വിംഗും ബൗണ്‍സും ന്യൂഗിനിയക്കാരെ വലച്ചതോടെ വിക്കറ്റുകളുടെ പെയ്ത്തായിരുന്നു. ആദ്യ വിക്കറ്റിനായി 13 റണ്‍സ് വരെ കാത്തിരിക്കേണ്ടി വന്നെങ്കില്‍ പിന്നീട് ബാറ്റ്‌സ്മാന്മാര്‍ വലിയ പ്രതിരോധമൊന്നും തീര്‍ത്തില്ല.

മികച്ച പേസില്‍ പന്തെറിയുന്ന ശിവം മാവിയും കെഎല്‍ നാഗര്‍കോട്ടിയും തുടക്കത്തിലെ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചെയ്ഞ്ച് ബൗളറായി വന്ന അനുകൂല്‍ റോയ് ആണ് എതിരാളികളെ എറിഞ്ഞിട്ടത്. 6.5 ഓവറില്‍ 14 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റാണ് റോയി വീഴ്ത്തിയത്. മൂന്നു പേര്‍ മാത്രമാണ് ന്യൂഗിനിയ നിരയില്‍ രണ്ടക്കം കടന്നത്. ഒരുഘട്ടത്തില്‍ അഞ്ചിന് 61 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. അവസാന അഞ്ചുപേര്‍ മടങ്ങിയത് വെറും മൂന്നു റണ്‍സിന്. മറുപടി ബാറ്റിംഗില്‍ പൃഥ്വി അടിച്ചു മിന്നിച്ചതോടെ രാഹുല്‍ ദ്രാവിഡിന്റെ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി.