SHARE

അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. പ്രിയം ഗർഗാണ് ടീമിന്റെ നായകൻ‌. ഉപനായകനായി ധ്രുവ് ചന്ദ് ജൂറലിനെ തിരഞ്ഞെടുത്തു. ഇന്നാണ് കൗമാര ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ ഓൾ ഇന്ത്യ ജൂനിയർ സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്.

അടുത്ത മാസം 17 മുതൽ ഫെബ്രുവരി 9-ം തീയതി വരെ നീണ്ട് നിൽക്കുന്ന ഇത്തവണത്തെ അണ്ടർ 19 ലോകകപ്പിൽ 16 ടീമുകളാണ് മത്സരിക്കുക. 4 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി ടീമുകളെ തരം തിരിച്ചായിരിക്കും ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ ലീഗിലേക്ക് യോഗ്യത നേടും. അണ്ടർ 19 ലോകകപ്പിന്റെ പതിമൂന്നാം എഡിഷനാണ് ഇക്കുറി നടക്കാൻ പോകുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എ യിലാണ് കളിക്കുക. ഇന്ത്യയ്ക്ക് പുറമേ, ന്യൂസിലൻഡ്, ശ്രീലങ്ക, ജപ്പാൻ എന്നിവരും ഗ്രൂപ്പ് എ യിലുണ്ട്‌. ബ്ലൂംഫോണ്ടെയിനിൽ ജനുവരി പത്തൊൻപതാം തീയതി ശ്രീലങ്കയ്ക്കെതിരെയാണ് ഇക്കുറി ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി 21 ന് ജപ്പാനേയും, 24 ന് ന്യൂസിലൻഡിനേയും ഇന്ത്യ നേരിടും.

ഇന്ത്യൻ ടീം ഇങ്ങനെ – യാശ്വസി ജൈസ്വാൾ, തിലക് വർമ, ദിവ്യാൻഷ് സക്സേന, പ്രിയം ഗർഗ് (ക്യാപ്റ്റൻ), ധ്രുവ് ചന്ദ് ജൂറൽ ( വിക്കറ്റ് കീപ്പർ), ശാശ്വത് റാവത്ത്, ദിവ്യൻഷ് ജോഷി, ശുഭാംഗ് ഹെഗ്ഡേ, രവി ബിഷ്ണോയ്, ആകാശ് സിംഗ്, കാർത്തിക് ത്യാഗി, അഥർവ അങ്കൊലേക്കർ, കുമാർ കുശാഗ്ര, സുശാന്ത് മിശ്ര, വിദ്യാദർ പാട്ടീൽ.