ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരെ നടക്കുന്ന രണ്ടാം യൂത്ത് ടെസ്റ്റിലും ഇന്ത്യന്‍ കുട്ടികള്‍ ഇന്നിംഗ്സ് വിജയത്തിലേക്ക്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 105-6 എന്ന നിലയിലാണ്. 10 റണ്‍സെടുത്ത സോണല്‍ ദിനുഷയും 4 റണ്‍സെടുത്ത എസ് ടി മെന്‍ഡിസുമാണ് ക്രീസിലുള്ളത്. നാലു വിക്കറ്റുകള്‍ മാത്രം കയ്യിലിരിക്കേ, ഇപ്പോഴും ശ്രീലങ്ക 192 റണ്‍സിന് പിന്നിലാണ്.
ആദ്യ ഇന്നിംഗ്സില്‍ 613-8 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പവന് ഷാ (282), അഥര്‍വ ടെയ്ഡ് (177), നേഹല്‍ വദേര (64) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 316 റണ്‍സെടുത്തെങ്കിലും 297 റണ്‍സിന്റെ ലീഡ് വഴങ്ങുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ജന്‍ഗ്ര നാലു വിക്കറ്റുകള്‍ വീഴ്ത്തി. കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണിന് അയക്കുകയായിരുന്നു.