SHARE

ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഒന്നാം യൂത്ത് ഏകദിന മത്സരത്തിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം. ശ്രീലങ്കന്‍ കൗമാരടീമിനെതിരെ നടന്ന മത്സരത്തില്‍ 6 വിക്കറ്റുകള്‍ക്കാണ് ഇന്ത്യന്‍ കുട്ടികള്‍ ജയിച്ചത്. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍: ശ്രീലങ്ക 143-10 (38.4), ഇന്ത്യ 144-4 (37.1).

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ ലങ്കൻ ബാറ്റിംഗ് നിരയ്ക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വേണ്ടി അജയ് ദേവ് ഗൗഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. നിപുണ്‍ മലിംഗ (38), നിപുണ്‍ ധനഞ്ജയ (33) എന്നിവര്‍ മാത്രമാണ് ലങ്കൻ നിരയിൽ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അനുജ് റാവത്ത് അര്‍ധസെഞ്ചുറി നേടി. 85 പന്തുകള്‍ നേരിട്ട റാവത്ത് 50 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. സമീര്‍ ചൗധരി (31*). ആര്യന്‍ ജുയാല്‍ (20) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ഇന്ത്യ അനായാസം വിജയലക്ഷ്യം മറികടന്നു. പരമ്പരയിലെ രണ്ടാം മത്സരം ഓഗസ്റ്റ് 2ന് നടക്കും.