SHARE

ശ്രീലങ്കയ്‌ക്കെതിരെ നടന്ന യൂത്ത് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 147 റണ്‍സിനുമാണ് ലങ്കന്‍ കൗമാരനിരയെ ഇന്ത്യ തുരത്തിയത്. ആദ്യ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ ഇന്നിംഗ്‌സിന് വിജയിച്ചിരുന്നു. ഇതോടെ യൂത്ത് ടെസ്റ്റ് പരമ്പര ഇന്ത്യന്‍ കുട്ടികള്‍ക്ക് സ്വന്തമായി. സ്‌കോര്‍: ഇന്ത്യ 613-8 ഡിക്ലയേര്‍ഡ്, ശ്രീലങ്ക 316-10, 150-10.

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യന്‍ കൂട്ടികള്‍ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. പവന്‍ ഷാ (282), അഥര്‍വ ടെയ്ഡ് (177) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 613 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 316 റണ്‍സെടുത്തെങ്കിലും ആതിഥേയര്‍ 297 റണ്‍സിന്റെ ലീഡ് വഴങ്ങി. മോഹിത് ജംഗ്ര ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി നാലു വിക്കറ്റുകള്‍ വീഴ്ത്തി.

കൂറ്റന്‍ ലീഡ് ലഭിച്ചതോടെ ഇന്ത്യ ലങ്കയെ ഫോളോ ഓണിനയക്കുകയായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ബോളിംഗ് പ്രകടനം നടത്തിയ ഇന്ത്യന്‍ കുട്ടികള്‍ ശ്രീലങ്കയെ 150 റണ്‍സിലൊതുക്കി. സിദ്ധാര്‍ത്ഥ് ദേശായി നാലു വിക്കറ്റുകള്‍ നേടി. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 21 റണ്‍സിനുമായിരുന്നു ലങ്കയുടെ തോല്‍വി. ഇനി അഞ്ച് യൂത്ത് ഏകദിനങ്ങളും ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ കളിക്കുന്നുണ്ട്.