SHARE

ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരെ നടക്കുന്ന രണ്ടാം യൂത്ത് ടെസ്റ്റ് മത്സരത്തില്‍ കരുത്ത് കാട്ടി ഇന്ത്യന്‍ കൗമാരനിര. ഇരട്ടസെഞ്ചുറി നേടിയ പവന്‍ ഷായുടെ പ്രകടനമികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 613-8 എന്ന ശക്തമായ നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് തുടരുന്ന ശ്രീലങ്കയ്ക്ക് 103 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.

അഥര്‍വ ടെയ്ഡ് (177), പവന്‍ ഷാ (282) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 64 റണ്‍സെടുത്ത നേഹാല്‍ വദേരയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. എന്നാല്‍ 14 റണ്‍സെടുത്ത അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മത്സരത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. കൂറ്റൻ സ്കോറിലെത്തിയതോടെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ ഡിക്ലയർ ചെയ്യുകയും ചെയ്തു.

മറുപടി ബാറ്റിംഗിനിറിയ ശ്രീലങ്കയ്ക്ക് വേണ്ടി കാമില്‍ മിഷാര (44) റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ കൂടി നഷ്ടമായ ശ്രീലങ്ക മത്സരത്തില്‍ പതറുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ജംഗ്ര മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ യൂത്ത് ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു.