SHARE
file photo

ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഈ മാസം 27 ന് നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒമാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. എന്നാൽ ഈ മത്സരത്തിന് ടെലിവിഷൻ സംപ്രേക്ഷണം ഉണ്ടാകില്ല. എന്നാൽ മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സല്ല മത്സരം ടെലകാസ്റ്റ് ചെയ്യേണ്ട എന്ന തീരുമാനത്തിന് പിറകിൽ.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും, ഒമാൻ ഫുട്ബോൾ അസോസിയേഷനുമാണ് മത്സരം ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുന്നതിനോട് യോജിപ്പില്ലാത്തത്. ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനും, ഒമാൻ പരിശീലകൻ പിം വെർബീകിനും ഏഷ്യൻ കപ്പിന് മുൻപ് തങ്ങളുടെ ടീം ടാക്ടിക്സ് പരസ്യമായി വെളിപ്പെടുത്താൻ താല്പര്യമില്ല. ഇതാണ് മത്സരത്തിന് ടെലിവിഷൻ സംപ്രേക്ഷണം ഇല്ലാത്തതിന് കാരണം.

അതേ സമയം ഡിസംബർ മുപ്പതിന് യു.എ.ഇ ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ സൗഹൃദ മത്സരത്തിനും സംപ്രേക്ഷണം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. എന്നാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ‌ട്വിറ്റർ അക്കൗണ്ടിലൂടെ മത്സരത്തിന്റെ കമന്ററി ആരാധകർക്ക് ലഭിക്കും.