SHARE

കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വരെ പരാജയമുറപ്പിച്ചിരുന്ന ഇന്ത്യയുടെ രക്ഷകനായി സൈമൻ ലിൻ ഡൂംഗൽ അവതരിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സൽഫഗർ നേടിയ ഗോളിൽ മത്സരത്തിന്റെ 90 മിനുറ്റുകളും മുന്നിട്ട് നിന്ന അഫ്ഗാനെ (90+3) മിനുറ്റിൽ ലിൻ ഡൂംഗൽ നേടിയ ഗോളിൽ ഇന്ത്യ സമനിലയിൽ തളച്ചു. ലോകകപ്പ്‌യോഗ്യതാ മത്സരത്തിൽ പരാജയം ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് വലിയ ആവേശമാണ് അവസാന നിമിഷം നേടിയ ഈ സമനില‌ സമ്മാനിക്കുന്നത്. സ്കോർ – അഫ്ഗാനിസ്ഥാൻ 1-1 ഇന്ത്യ

ഇന്ത്യയേക്കാൾ മികച്ച ഫുട്ബോൾ അഫ്ഗാനിസ്ഥാൻ കാഴ്ച വെക്കുന്നതാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ കണ്ടത്. മത്സരത്തിന്റെ ആദ്യ ഇരുപത് മിനുറ്റുകളിൽ രണ്ടിലധികം തവണ അഫ്ഗാൻ, ഇന്ത്യൻ പ്രതിരോധത്തിന് തലവേദന‌ സമ്മാനിച്ചു. ഇരുപത്തിയെട്ടാം മിനുറ്റിൽ സഹൽ-ആഷിഖ് കൂട്ടുകെട്ട് അഫ്ഗാൻ ബോക്സിൽ ഭീഷണി ആയി എത്തിയെങ്കിലും ആഷിഖ് അടിച്ച ഷോട്ട് പുറത്തേക്ക്‌ പോയി. മുപ്പത്തിയൊൻപതാം മിനുറ്റിൽ അഫ്ഗാൻനടത്തിയ മുന്നേറ്റം ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത്‌സന്ധു തടഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് അഫ്ഗാൻ ഗോൾ സ്കോർ ചെയ്തു. സെൽഫഗർ നസാറി നേടിയ ഗോളിൽ അഫ്ഗാൻ കളിയിൽ മുന്നിലെത്തി. (1-0).

മന്ദർ റാവു ദേശായിക്ക് പകരംഫറൂഖ് ചൗധരിയുമായാണ് ഇന്ത്യ രണ്ടാംപകുതിക്ക് ഇറങ്ങിയത്. അൻപതാം മിനുറ്റിൽ ചൗധരി ഗോൾലക്ഷ്യമാക്കി ഷോട്ട് തൊടുത്തെങ്കിലും പുറത്തേക്ക് പോയി. അറുപത്തിയേഴാം മിനുറ്റിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക് ഗോളവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ പക്ഷേ അപകടകരമായി മാറിയില്ല. എങ്ങനെയെങ്കിലും ഒരു ഗോൾ നേടുകയെന്ന ലക്ഷ്യമായിരുന്നു പിന്നീട് ഇന്ത്യയ്ക്കുണ്ടായിരുന്നത്. എഴുപത്തിയേഴാംമിനുറ്റിൽ പ്രിതം കോട്ടാലിനെ വലിച്ച് സ്റ്റിമാച്ച് ലിൻ ഡൂംഗലിനെ പകരമിറക്കി. കളി തീരാൻ ആറ് മിനുറ്റ് ബാക്കി നിൽക്കേ ഛേത്രിയുടെ ക്രോസിൽ നിന്ന് മൻവീർ സിംഗ് തൊടുത്ത ഹെഡർ, ബാറിന് മുകളിലൂടെ പറന്നത് ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചു.

കളിയുടെ അവസാന മിനുറ്റുകളിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാക്കിയ അഫ്ഗാൻ 1-0 ന്റെ ജയവുമായി മത്സരത്തിൽ നിന്ന് മടങ്ങുമെന്ന് ഫുട്ബോൾപ്രേമികൾ കരുതിയപ്പോളായിരുന്നു‌ ഇന്ത്യയുടെ അപ്രതീക്ഷിത സമനില ഗോൾ പിറന്നത്. ബ്രണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് സൈമൻ ലിൻ ഡൂംഗലായിരുന്നു ഇന്ത്യയുടെ സമനില ഗോൾ നേടിയത്. പരാജയം ഉറച്ചിരുന്ന ഇന്ത്യയ്ക്ക് വലിയ ആവേശമായിരുന്നു ഈ സമനില ഗോൾ സമ്മാനിച്ചത്.