SHARE

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന നാലാം ഏകദിന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ 4 വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയയുടെ വിജയം. വെടിക്കെട്ട് പ്രകടനം നടത്തിയ യുവതാരം ആഷ്ടണ്‍ ടെര്‍ണറാണ് കംഗാരുക്കള്‍ക്ക് അപ്രതീക്ഷിത വിജയം നേടിക്കൊടുത്തത്. ടെര്‍ണര്‍ 43 പന്തില്‍ 84 റണ്‍സ് നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 358-9 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ശിഖര്‍ ധവാന്‍ നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ധവാന്‍ 110 പന്തില്‍ 143 റണ്‍സ് നേടിയപ്പോള്‍ 95 റണ്‍സുമായി രോഹിത് ശര്‍മ്മ ഉറച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 12 റണ്‍സെടുക്കുന്നതിനിടെ ആരോണ്‍ ഫിഞ്ചിനെയും ഷോണ്‍ മാര്‍ഷിനെയും നഷ്ടമായി.

-Advertisement-

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും ചേര്‍ന്ന് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ഖവാജ 91 റണ്‍സെടുത്തും ഹാന്‍സ്‌കോംബ് 117 റണ്‍സെടുത്തും പുറത്തായി. അതിന് ശേഷം ടീമിനെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്വം ആഷ്ടണ്‍ ടെര്‍ണര്‍ ഏറ്റെടുക്കുകയായിരുന്നു. അലക്സ് കാരി കൂടി ചേര്‍ന്നതോടെ 47.5 ഓവറിൽ കംഗാരിക്കള്‍ വിജയലക്ഷ്യം മറികടന്നു. വിജയത്തോടെ പരമ്പരയില്‍ 2-2ന് ഓസ്‌ട്രേലിയ ഒപ്പമെത്തി. നിര്‍ണ്ണായകമായ അഞ്ചാം ഏകദിനം ഡല്‍ഹിയില്‍ വെച്ച് 13ന് നടക്കും.