SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ച്ച ടീമിന് ഗുണമാണ് ചെയ്തതെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. രണ്ടാം ഏകദിനത്തിന് മുമ്പാണ് വ്യത്യസ്തമായ നിരീക്ഷണവുമായി ക്യാപ്റ്റന്‍ രംഗത്തെത്തിയത്. ഹൈദരാബാദില്‍ ഓസീസ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 99 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ എം.എസ്. ധോണിയും കേദാര്‍ ജാദവും അഞ്ചാം വിക്കറ്റില്‍ 141 റണ്‍സ് നേടി ഇന്ത്യയെ ജയത്തിലെത്തിച്ചു.

രവി ഭായിയുമായി സംസാരിക്കവെ മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് നന്നായെന്നാണ് അഭിപ്രായപ്പെട്ടത്. കാരണം മധ്യനിരയ്ക്ക് അവരുടെ കഴിവും വിശ്വാസ്യതയും വെളിപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് കോഹ്‌ലി പറഞ്ഞു. കേദാറും ധോണിയും ഇന്ത്യയെ ജയത്തിലെത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് ഗംഭീരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് നാഗ്പൂരിലാണ് രണ്ടാംഏകദിനം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് നാഗ്പുരിലേത്. സ്പിന്നര്‍മാര്‍ക്ക് കളി പുരോഗമിക്കുന്തോറും പിന്തുണ കിട്ടും. ഓസീസ് നിരയില്‍ ഷോണ്‍ മാര്‍ഷ് തിരിച്ചെത്തും. ആഷ്ടണ്‍ ടേണര്‍ക്ക് പകരമാണ് മാര്‍ഷ് കളിക്കുക. ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അമ്പാട്ടി റായുഡു, മഹേന്ദ്ര സിങ് ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലെക്‌സ് കാരി, നാഥന്‍ കൂള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, ജാസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ആദം സാമ്പ.