SHARE

ലോക ക്രിക്കറ്റിലെ പുതിയ കണ്ടുപിടുത്തമാണ് പിങ്ക് ബോളിലെ പകല്‍-രാത്രി ടെസ്റ്റ് മത്സരം. ഓസ്‌ട്രേലിയയടക്കമുള്ള രാജ്യങ്ങള്‍ ഡേ-നൈറ്റ് മത്സരങ്ങള്‍ നടത്തി ആരാധകരെ ക്രിക്കറ്റിനോട് അടുപ്പിക്കുമ്പോള്‍ ബി സി സി ഐ ഇതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ നടത്തുന്ന പര്യടനത്തിലായിരിക്കും മത്സരമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.

അതിനിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ നടത്തുന്ന പര്യടനത്തിലെ ഒരു ടെസ്റ്റ് മത്സരം പിങ്ക് ബോളില്‍ കളിക്കാമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബി സി സി ഐ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ കടുംപിടുത്തത്തിനെതിരെ പ്രതികരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സി ഇ ഒ ജെയിംസ് സതര്‍ലന്‍ഡ്. ഇന്ത്യ വിജയം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും ക്രിക്കറ്റിന്റെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് സതര്‍ലന്‍ഡിന്റെ വിമര്‍ശനം. ‘ ഇന്ത്യയ്ക്ക് ഞങ്ങളെ തോല്‍പ്പിക്കണമെന്ന ലക്ഷ്യമാണുള്ളത്, ഓസ്‌ട്രേലിയയില്‍ കളിച്ച പിങ്ക് ബോള്‍ ടെസ്റ്റ് മത്സരങ്ങളെല്ലാം ഞങ്ങള്‍ വിജയിച്ചുവെന്നത് ഇന്ത്യയെ പിറകോട്ടു വലിക്കുകയാണ്, ഇന്ത്യ കളിച്ചാലും ഇല്ലെങ്കിലും ഭാവിയില്‍ പകല്‍ രാത്രി ടെസ്റ്റ് മത്സരങ്ങള്‍ വ്യാപകമാവും’ – സതര്‍ലന്‍ഡ് പറഞ്ഞു.

എന്നാല്‍ ഇതേ ഭാഷയില്‍ തന്നെയാണ് ബി സി സി ഐയുടെ മറുപടിയും. ‘ തീര്‍ച്ചയായും ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ് പോവുന്നത്, അതിലെന്താണ് തെറ്റ്? അവര്‍ എളുപ്പത്തില്‍ വിജയിക്കാനുള്ള വഴി നോക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടേതായ താല്‍പ്പര്യങ്ങളുണ്ട്, പിങ്ക് ബോളിന്റെ ക്വാളിറ്റിയില്‍ ബി സി സി ഐ ഇപ്പോഴും തൃപ്തരല്ല’ – മുതിര്‍ന്ന ബി സി സി ഐ വാക്താവ് മറുപടി നല്‍കി. നവംബര്‍ 21 മുതല്‍ ജനുവരി 19 വരെ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്നു വീതം ഏകദിന-ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് കളിക്കുന്നത്. ഇതില്‍ അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് മത്സരമാണ് പകല്‍ രാത്രിയായി നടത്താമെന്ന് ഓസ്‌ട്രേലിയ അഭിപ്രായപ്പെടുന്നത്.