SHARE

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 191/7 എന്ന നിലയിൽ‌. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറിനും 59 റൺസ് പിന്നിലാണ് ഓസീസ് ഇപ്പോൾ. അമിതപ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്ത ഓസീസ്, ആരാധകർക്ക് വിരസത തോന്നും വിധം ഒച്ചിഴയും വേഗത്തിലാണ് മത്സരത്തിൽ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുന്നത്. 88 ഓവർ ബാറ്റ് ചെയ്താണ് ഓസീസ് 191 റൺസ് നേടിയിരിക്കുന്നത്. കർക്കശമായ ബോളിംഗിലൂടെ ഓസീസിനെ വരിഞ്ഞ് മുറുക്കിയ ഇന്ത്യൻ ബോളർമാരാണ് രണ്ടാം ദിനത്തെ താരങ്ങൾ.

രണ്ടാം ദിനം 250/9 എന്ന സ്കോറിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തലേന്നത്തെ സ്കോറിനോട് റണ്ണൊന്നും കൂട്ടിച്ചേർക്കാതെ ഓളൗട്ടാവുകയായിരുന്നു‌. തുടർന്ന് ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് അവർക്ക് നഷ്ടമായി. ഇഷാന്ത് ശർമ്മയ്ക്കായിരുന്നു വിക്കറ്റ്. മറ്റൊരു ഓപ്പണറായ മാർക്കസ് ഹാരിസ് 26 റൺസെടുത്ത് പുറത്താകുമ്പോൾ ഓസീസ് സ്കോർ 41/2.

പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ തിളങ്ങിയതോടെ ഓസീസ് ബാറ്റിംഗ് തകരുകയായിരുന്നു. ഖവാജ 28 റൺസും, ഷോൺ മാർഷ് രണ്ട് റൺസും, പീറ്റർ ഹാൻസ്കോമ്പ് 34 റൺസും, നായകൻ ടിം പെയിൻ അഞ്ച് റൺസുമെടുത്തും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ 127/6 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡും, പാറ്റ് കമ്മിൻസും 50 റൺസിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും കമ്മിൻസിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഓസീസിന്റെ ബാറ്റിംഗ് തകർച്ചയ്ക്കിടയിലും വീഴാതെ പിടിച്ചു നിൽക്കുന്ന ട്രാവിസ് ഹെഡ് 61 റൺസോടെയും, മിച്ചൽ സ്റ്റാർക്ക് 8 റൺസോടെയും രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ക്രീസിലുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.