SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ മെൽബണിൽ നടന്ന രണ്ടാം ടി20 മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഇന്നിംഗ്സിന്റെ പത്തൊൻപതാം ഓവറിൽ കളിമുടക്കിയായെത്തിയ മഴ, പിന്നീട് മാറാതിരുന്നതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മഴയെത്തുടർന്ന് ഒരു ഘട്ടത്തിൽ 19 ഓവറിൽ 137 റൺസും, പിന്നീട് 11 ഓവറിൽ 90 റൺസും വിജയലക്ഷ്യമായി ഇന്ത്യയ്ക്ക് നിർണയിച്ചെങ്കിലും മഴ തുടർന്നതോടെ മത്സരം തന്നെ ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവെക്കും വിധം ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞതോടെ ഓസീസ് ബാറ്റ്സ്മാന്മാർ കളി മറക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതമെടുത്ത ഭുവനേശ്വർ കുമാറും, ഖലീൽ അഹമ്മദുമാണ് ഓസീസ് ബാറ്റിംഗിനെ തകർത്തത്.32 റൺസെടുത്ത ബെൻ മക്ക്ഡെർമോട്ടാണ് ഓസീസിന്റെ ടോപ്‌സ്കോറർ.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ തിരിച്ചടിയേറ്റു. ഒരു റണ്ണുമായി ആരോൺ ഫിഞ്ച് പുറത്ത്. പിന്നാലെ സ്കോർ ബോർഡിൽ 27 റൺസെത്തിയപ്പോൾ 13 റൺസുമായി ക്രിസ് ലിന്നും മടങ്ങി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഓസീസിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ബോളെടുത്തവരെല്ലാം ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയപ്പോൾ ഓസീസിന് റൺനിരക്കുയർത്താനും കഴിഞ്ഞില്ല.

ഡാർസി ഷോർട്ട് 14 റൺസിനും, ഗ്ലെൻ മാക്സ്‌വെൽ 19 റൺസിനും പുറത്തായി. അവസാന ഓവറുകളിൽ മക്ഡേർമോട്ടും (32* റൺസ്), നഥാൻ കോൾട്ടർ നൈലും (9 പന്തിൽ 18 റൺസ്) കാഴ്ച വെച്ച ബാറ്റിംഗാണ് ഓസീസ് സ്കോർ ഇത്രയുമെത്തിച്ചത്. രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വറിനും, ഖലീൽ അഹമ്മദിനും പുറമേ, ബും റ, കുൽദീപ് യാദവ്, ക്രുനാൽ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

അതേ സമയം മഴമൂലം മത്സരം ഉപേക്ഷിച്ചതോടെ ആദ്യ ടി20യിൽ വിജയിച്ച ഓസ്ട്രേലിയ പരമ്പരയിലെ ലീഡ് തുടർന്നു. ഞായറാഴ്ച സിഡ്നിയിലാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. ടി20 പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.